ഇന്ത്യൻ ബൗളിംഗ് കരുത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ളീഷ് ബാറ്റിംഗ് നിര; ആറുവിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ

Wednesday 24 February 2021 7:05 PM IST

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. ടോസ്‌നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിന് 48.4 ഓവറിൽ 112 റൺസെടുക്കവെ പത്തു വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയ്ക്കുവേണ്ടി അക്ഷർ പട്ടേൽ ആറു വിക്കറ്റും രവീന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി.

മൊട്ടേറ സ്റ്റേഡിയത്തിലും സ്പിന്നർമാർക്ക് സ്വാധീനം ചെലുത്താനാകുമെന്ന വിലയിരുത്തലുകൾ ശരിവെക്കുന്നതായിരുന്നു ഇംഗ്ളീഷ് ബാറ്റ്മാൻമാർക്കെതിരായ ഇന്ത്യൻ സ്പിന്നറൻമാരുടെ പ്രകടനം. തുടർച്ചയായി രണ്ടാം മത്സരത്തിലും അഞ്ചു വിക്കറ്റ് നേടി അക്ഷർ ചരിത്രം കുറിച്ചു.

സാക് ക്രാവ്ലി, ബെയര്‍‌സ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, ജൊഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരുടെ വിക്കറ്റുകളാണ് അക്ഷർ നേടിയത്. ജോ റൂട്ട്, ഒല്ലി പോപ്പ്, ജാക്ക് ലീച്ച് എന്നിവരുടെ വിക്കറ്റുകൾ അശ്വിൻ നേടിയപ്പോൾ ഇഷാന്ത് ശർമ ഡോം സിബിലിയുടെ വിക്കറ്റ് സ്വന്തമാക്കി. 84 ബോളിൽ 53 റൺസ് എടുത്ത സാക് ക്രാവ്ലിയാണ് ഇംഗ്ളണ്ട് ബാറ്റിംഗ് നിരയിലെ ടോപ്പ് സ്‌കോറർ.

ആദ്യ രണ്ട് ടെസ്റ്റുകളിൽ ഒരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യത നിലനിർത്താൻ ഈ ടെസ്റ്റിൽ ജയം അനിവാര്യമാണ്. ശേഷിക്കുന്ന രണ്ട് ടെസ്റ്റിൽ ഒരു ജയവും ഒരു സമനിലയുമുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഫൈനലിലെത്താം.