കോൺസുലേറ്റിലെ മുൻ ഗൺമാനെ കണ്ടെത്താനായില്ല

Wednesday 24 February 2021 11:42 PM IST

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംശയ നിഴലിലായ യു.എ.ഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനെ ഇന്നലെയും കണ്ടെത്താനായില്ല. പൊലീസുകാരനായ ജയഘോഷ് സസ്പെൻഷനിലാണ്.മൊബൈൽ ഫോൺ അടക്കമുള്ളവ ഉപേക്ഷിച്ച് പോയതിനാലാണ് കണ്ടെത്താൻ വൈകുന്നതെന്ന് തുമ്പ പൊലീസ് അറിയിച്ചു. എ.ടി.എമ്മും ഉപയോഗിച്ചിട്ടില്ല,ഇത് കൈവശമുണ്ടോ എന്നും ഉറപ്പില്ല. എങ്കിലും തെരച്ചിൽ പൊലീസ് ഉൗർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂലായിലും കാണാതായെങ്കിലും കൈഞരമ്പ് മുറിച്ച നിലയിൽ വീടിന് സമീപത്തെ പുരയിടത്തിൽ കണ്ടെത്തിയിരുന്നു. ഇക്കുറി ഭാര്യയെ രാവിലെ ജോലിക്ക് കൊണ്ടുവിട്ടശേഷമാണ് കാണാതായത്. പിന്നീട് നേമം ഭാഗത്ത് നിന്ന് മൊബൈലും കത്തും കണ്ടെത്തി. ഒരു യാത്ര പോവുകയാണെന്നും തിരിച്ചെത്തുമെന്നും കത്തിൽ എഴുതിയിരുന്നു.