40 സീറ്റ് കിട്ടിയാൽ ബി.ജെ.പി ഭരിക്കും; ത്രിപുര ഓർമ്മിപ്പിച്ച് സുരേന്ദ്രൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് കിട്ടിയാലും കേരളത്തിൽ ഭരിക്കാൻ സാധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പിയ്ക്ക് ത്രിപുരയിൽ ഭരണത്തിലേറാൻ കഴിയുമെങ്കിൽ 17 ശതമാനം വോട്ടുള്ള കേരളത്തിൽ അത് അസാദ്ധ്യമല്ല. യു.ഡി.എഫിനും എൽ.ഡി.എഫിനും 71 സീറ്ര് ലഭിച്ചെങ്കിലേ ഭരിക്കാനാകൂ. എന്നാൽ 40 സീറ്റ് ലഭിച്ചാൽ തന്നെ ബി.ജെ.പിയ്ക്ക് ഭരിക്കാൻ സാധിക്കുമെന്ന നിലയിലേക്കെത്തുകയാണ് കേരളത്തിലെ രാഷ്ട്രീയം. വിജയയാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്ത് ഒരുക്കിയ വൻസ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
മതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തെ പങ്കുവെക്കാനാണ് ഇരു മുന്നണികളുടെയും ശ്രമം. രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റി ഉമ്മൻചാണ്ടിയെ കൊണ്ടുവന്നതിനു പിന്നിലുമുണ്ട് മതം. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമിയും ഇടപെടുന്നു. മലബാർ സംസ്ഥാന രൂപീകരണത്തിനായാണ് മുസ്ലിംലീഗും എസ്.ഡി.പി.ഐയും നീങ്ങുന്നത്.