എല്ലായിടത്തും കരുത്തുറ്റ സ്ഥാനാർത്ഥികൾ; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബി ജെ പിയ്‌ക്ക് ഗുണം ചെയ്യില്ലെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നേമത്ത് മാത്രമല്ല എല്ലായിടത്തും കരുത്തുറ്റ സ്ഥാനാർത്ഥികളെയായിരിക്കും കോൺഗ്രസ് നിർത്തുകയെന്ന് ഉമ്മൻ ചാണ്ടി. ബി ജെ പിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ നേമത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് നിലവിൽ അദ്ദേഹം എം പിയാണെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശശി തരൂർ ദേശീയതലത്തിൽ ബി ജെ പിക്കെതിരെ അതിശക്തമായ പ്രവർത്തനം നടത്തുന്ന നേതാവാണ്. ബി ജെ പിക്കും ആർ എസ് സിനുമെതിരെയുളള പോരാട്ടത്തിൽ തരൂരിന്റെ പങ്ക് നിസ്‌തുലമാണ്. അതൊരു വലിയ ദൗത്യമാണ്. എന്തായാലും ബി ജെ പിക്കെതിരെ കേരളത്തിൽ കോൺഗ്രസിന്റെ പോരാട്ടത്തിന് ഒരു മയവുമുണ്ടാവില്ല. ശബരിമല പോലൊരു പ്രശ്‌നത്തിൽ പോലും ബി ജെ പിയെയും മാർക്‌സിസ്റ്റ് പാർട്ടിയേയും ഒരു പോലെ നേരിട്ട പാർട്ടിയാണ് കോൺഗ്രസെന്ന് മറക്കരുതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
യു ഡി എഫ് പറഞ്ഞതിനു ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കുന്നത്. രമേശ് ചെന്നിത്തലയും മുല്ലപ്പളളിയും താനുമൊക്കെ പ്രതിയായിട്ടുളള കേസുകൾ ഇനിയും കിടക്കുകയാണ്. ഇതൊന്നും പിൻവലിക്കാൻ ഇതുവരെ അവർക്ക് തോന്നിയില്ല. യു ഡി എഫ് അധികാരത്തിൽ വന്നാൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞപ്പോഴാണ് പൊടുന്നനെ ഈ നടപടി ഇടതു സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബി ജെ പിയ്‌ക്ക് നേട്ടമുണ്ടാക്കില്ല. ബി ജെ പിയെ കേരളത്തിൽ പിടിച്ചുകെട്ടാൻ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്നതിൽ യാതൊരു സംശയവും വേണ്ട. അന്ധമായ മാർക്‌സിസ്‌റ്റ് വിരോധമല്ല കോൺഗ്രസിനെ നയിക്കുന്നത്. മാർക്‌സിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായി എതിർക്കും. അതേസമയം, ബി ജെ പിയെ ഏറ്റവും ശക്തരായ എതിരാളികളായി കണ്ടുതന്നെയാണ് യു ഡി എഫ്. പ്രവർത്തിക്കുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.