പെട്രോളും ജി.എസ്.ടിയെന്ന പൊതിയാതേങ്ങയും
സീജ ഉദയനൻ
ചാർട്ടേർഡ് അക്കൗണ്ടന്റ്
പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അഭിപ്രായത്തോടെ പൂർവാധികം സജീവമായിരിക്കുകയാണ്. ഇത് നടപ്പാകാത്തതിന്റെ ഒരേ ഒരു കാരണം ഇരു ഉത്പന്നങ്ങളിൽ നിന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കിട്ടുന്ന ഭീമമായ വരുമാനം തന്നെ.
ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് 32 രൂപ 98 പൈസയും ഡീസലിനു 31 രൂപ 83 പൈസയുമാണ് എക്‌സൈസ് ഡ്യൂട്ടി. സംസ്ഥാന സർക്കാരുകൾ 6 മുതൽ 36 % വരെ വില്പന നികുതി ഈടാക്കുന്നു. ആൻഡമാനിൽ 6% നികുതിവാങ്ങുമ്പോൾ മണിപ്പൂർ, രാജസ്ഥാൻ സർക്കാരുകൾ 36% ഈടാക്കുന്നു. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയുടെ ഒരു വിഹിതവും സംസ്ഥാനങ്ങൾക്ക് ലഭിക്കും.
കേരളത്തിൽ പെട്രോളിന് 32.03%, ഡീസലിന് 23.84% എന്നതാണ് സംസ്ഥാന നികുതി. അതായത്, പെട്രോളിന് 90 രൂപ കണക്കാക്കിയാൽ അതിൽ ഏകദേശം 55 രൂപ കേന്ദ്ര, കേരള സർക്കാരുകൾ ഈടാക്കുന്നതാണ്. ഡീസലിന്റെ വില 85 രൂപയെങ്കിൽ നികുതി ഏകദേശം 48 രൂപ ആണ്.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സാമ്പത്തികനില പെട്രോളിന്റെയും ഡീസലിന്റെയും നികുതികളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാൽ തന്നെ ഈ നികുതികളെ തൊട്ടു കളിക്കാൻ ഒരു സർക്കാരും തയ്യാറാവില്ല. കേരളം പോലെ നികുതി വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനുവേണ്ടി ചെലവാക്കേണ്ടിവരുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം അത്തൊരുമൊരു നീക്കം തികച്ചും ആത്മഹത്യാപരവുമാകും.
ഇപ്പോൾ ഏറ്റവുംകൂടിയ ജി.എസ്.ടി നിരക്ക് 28% ആണ്. ഈ നിരക്കിൽ പെട്രോൾ ഏകദേശം 46 രൂപയ്ക്കു ഉപയോക്താവിന് ലഭിക്കും.18% ചുമത്തിയാൽ ഡീസൽവില 44 രൂപയിൽ താഴെ ആകും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിച്ചില്ലെങ്കിൽ വില ഇതിലും കൂടാം.
എക്‌സൈസ് ഡ്യൂട്ടി ജി.എസ്.ടിയിൽ ലയിക്കുന്നതു കൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ സാരമായ കുറവുവരും. കസ്റ്റംസ് ഡ്യൂട്ടി നിരക്ക് വർദ്ധിപ്പിച്ച് ആ നഷ്ടം കുറയ്ക്കാം. പക്ഷെ സംസ്ഥാന സർക്കാരുകളുടെ കാര്യം അങ്ങനെ അല്ല. നികുതി ഇതര വരുമാനം വർധിപ്പിക്കേണ്ടിവരും. കേരളത്തിന്റെ ഇന്നത്തെ നിലയിൽ അതിനുള്ള അവസരങ്ങൾ കുറവാണു താനും. പിന്നെയുള്ള മാർഗം ജി.എസ്.ടിയിൽ 40% എന്ന സ്ളാബ് കൂടി ഉൾപ്പെടുത്തലാണ്. മറ്റൊന്ന് സംസ്ഥാനങ്ങളെ സെസ് പിരിക്കാൻ അനുവദിക്കലും, പ്രളയ സെസ് പോലെ. ജി.എസ്.ടിയുടെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല രണ്ടും.
ഉപഭോക്താക്കൾക്ക് പ്രത്യക്ഷ ലാഭമുണ്ടാകുമെങ്കിലും സർക്കാരിന്റെ വരുമാന നഷ്ടം നികത്താൻ മറ്റ് നികുതികൾ, സ്റ്റാമ്പ് ഡ്യൂട്ടി, സർക്കാർ ഫീസുകൾ എന്നിവ സ്വാഭാവികമായും കൂടും. ഫലത്തിൽ ഈയിനത്തിൽ കിട്ടുന്ന ലാഭം മറ്റ് രീതിയിൽ ജനങ്ങൾക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും. അല്ലെങ്കിൽ വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. കുറഞ്ഞനിരക്കിൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുകയും വികസനപ്രവർത്തനങ്ങൾ അഭംഗുരം നടത്തുകയും ചെയ്യുക ഒരു സർക്കാരിനും എളുപ്പമല്ല. ഇന്ധന വില കുറയുന്നത് പൊതുവെ വിലക്കുറവ് സൃഷ്ടിക്കും. പണപ്പെരുപ്പ നിരക്കും കുറയും. എന്നിരുന്നാലും
ജി.എസ്.ടിയിലേക്ക് പെട്രോളും ഡീസലും ഉൾപ്പെടുത്തുകയെന്നാൽ കുറേക്കാലത്തേക്ക് രാജ്യത്തെ സാമ്പത്തിക രംഗം കലുഷിതമാകുമെന്നു തന്നെയാണ്. മറ്റൊരർത്ഥത്തിൽ സർക്കാരിനും ജനങ്ങൾക്കും ഈ വിഷയം പൊതിയാ തേങ്ങ പോലെയാകും.