ആഴക്കടൽ മത്സ്യബന്ധന വിവാദം: എം.ഡി ധാരണാപത്രം ഒപ്പിട്ടത് സർക്കാരറിയാതെ- മുഖ്യമന്ത്രി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് നാന്നൂറ് യാനങ്ങളും അഞ്ച് മദർ വെസലുകളും ലഭ്യമാക്കാനുള്ള ധാരണാപത്രം ഇ.എം.സി.സി കമ്പനിയുമായി ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി എൻ.പ്രശാന്ത് ഒപ്പു വച്ചത് സർക്കാരിനെയോ,ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ്സെക്രട്ടറിയെയോ പോലും അറിയിക്കാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ മാസം രണ്ടിനാണ് ധാരണാപത്രം ഒപ്പ് വച്ചത്. സർക്കാരിനെ അറിയിക്കാതെ എം.ഡി ഒപ്പു വച്ച ധാരണാപത്രം സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് നയത്തിന് അനുസൃതമല്ലെന്നും, എം.ഡിയുടെ നടപടിയെ പൂർണ്ണമായി തള്ളിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ ധാരണാപത്രം റദ്ദാക്കാൻ കെ.എസ്.ഐ.എൻ.സിക്ക് സർക്കാർ നിർദ്ദേശം നൽകിയത്.ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശത്തോ, രാജ്യത്തിനകത്തോ ഉള്ള കോർപ്പറേറ്റുകൾക്ക് അനുമതിയില്ലെന്ന പ്രഖ്യാപിത നയം നിലനിൽക്കെ, മറിച്ചുള്ളൊരു ധാരണാപത്രവും സർക്കാരിന് ബാധകമല്ല. ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായ പരാമർശങ്ങളുള്ള ധാരണാപത്രത്തിൽ കെ.എസ്.ഐ.എൻ.സി ഒപ്പു വയ്ക്കാനിടയായ സാഹചര്യം അന്വേഷിക്കാൻ അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസിനെ ചുമതലപ്പെടുത്തി. ഇതിന്റെ പേരിൽ ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താൻ പ്രതിപക്ഷനേതാവും ബി.ജെ.പി നേതാക്കളും ശ്രമിച്ചാൽ അതിവിടെ ചെലവാകില്ല.
കമ്പനിക്ക് കേന്ദ്ര ക്ലിയറൻസ് കിട്ടി: വി.മുരളീധരനെ തള്ളി മുഖ്യമന്ത്രി
ഇ.എം.സി.സി കടലാസ് കമ്പനിയാണെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നുവെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാദത്തെയും മുഖ്യമന്ത്രി തള്ളി. ഇതുമായി ബന്ധപ്പെട്ട കൺസെപ്റ്റ് നോട്ട് 2019 ആഗസ്റ്റ് മൂന്നിന് ലഭിച്ചപ്പോൾ തന്നെ, വിദേശ കമ്പനിയുടെ പേരുള്ളതിനാൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്ക് വിശദാംശങ്ങളാരാഞ്ഞ് കത്തെഴുതിയിരുന്നു. ഇത് എൻജിനിയറിംഗ് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് സ്ഥാപനമാണെന്നും ഇതിന് ഹ്രസ്വകാല വാടകയ്ക്കെടുത്ത കെട്ടിടത്തിൽ ഓഫീസുണ്ടെന്നും, ഷിബു വർഗീസ് പ്രസിഡന്റാണെന്നും വിദേശമന്ത്രാലയത്തിന്റെ കത്തിൽ പറഞ്ഞിട്ടുണ്ട്. 2020 ഒക്ടോബർ 30ന് ഇ.എം.സി.സി ഒരു റിപ്പോർട്ട് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. കമ്പനിയുടെ വിശ്വാസ്യത തെളിയിക്കുന്നതിനാവശ്യമായ രേഖകളുമായി ഇന്ത്യൻ കോൺസുലേറ്റ് ജനറലിനെ ബന്ധപ്പെടാനാവശ്യപ്പെട്ട് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും കത്ത് നൽകി. കമ്പനിയെന്താണെന്നും അതിന്റെ പ്രവർത്തനങ്ങളെന്തൊക്കെയെന്നും മനസ്സിലാക്കാനുള്ള പ്രാരംഭ നടപടി വിദേശമന്ത്രാലയം വഴിയാണ് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിച്ചത്. കരാർ പോയിട്ട് ഒരു നിർദ്ദേശം പോലും ഫിഷറീസ് വകുപ്പിൽ നിന്ന് ഉത്ഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്പനിയുടെ ആളുകൾ എന്നെ കണ്ടോ എന്ന് പറയാനാവില്ല: മുഖ്യമന്ത്രി
ഇ.എം.സി.സി കമ്പനിയുടെ ആളുകൾ തന്നെ കണ്ടോ കണ്ടില്ലയോയെന്ന് തനിക്ക് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'എന്നെ പലരും വന്നു കാണുന്നുണ്ട്. എല്ലാവരുടെയും പേര് ഞാനോർമ്മിക്കുന്നില്ലല്ലോ. ഇവരെന്നെ കണ്ടതായിട്ട് ഞാനിപ്പോൾ ഏതായാലും ഓർക്കുന്നില്ല. പക്ഷേ കണ്ടു എന്നവർ പറയുന്നുണ്ട്. ഞാനത് നിഷേധിക്കേണ്ട കാര്യവുമില്ല. സാധാരണ, ഇത്തരം കാര്യങ്ങളുമായി എന്റെയടുത്ത് വന്നാൽ ബന്ധപ്പെട്ട സെക്രട്ടറിയോട് ബന്ധപ്പെടൂ, അവർ പരിശോധിക്കട്ടെയെന്നാണ് ഞാൻ പറയാറുള്ളത്. '- മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സി ചേർത്തല പള്ളിപ്പുറത്ത് ഫുഡ് പാർക്കിൽ നാലേക്കർ ഭൂമിയനുവദിച്ചത് സീഫുഡ് സംസ്കരണ ഫാക്ടറിക്കായി ഇ.എം.സി.സി അപേക്ഷ നൽകിയതിനാണ്. ഇതിനാവശ്യമായ ലീസ് റെന്റ് അടക്കുകയും മറ്റ് നിബന്ധനകൾ പാലിക്കുകയും ചെയ്താലാണ് ഫുഡ്പാർക്കിൽ സ്ഥലം ലഭ്യമാവുക. സ്ഥലം ഇതുവരെ കൈമാറിയിട്ടില്ല.
'ധാരണാപത്രം റദ്ദാക്കിയത് തെറ്റിദ്ധാരണ ഒഴിവാക്കാൻ'
സംസ്ഥാനത്തെ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടധാരണാപത്രം റദ്ദാക്കിയത് സർക്കാർ ചെയ്ത തെറ്റായ കാര്യമായതു കൊണ്ടല്ലെന്നും ,പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ കണിക പോലും അവശേഷിക്കരുതെന്ന നിർബന്ധമുള്ളതിനാലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീർത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോൾ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാം. അതിനാലാണ്ധാരണാപത്രം റദ്ദാക്കാൻ കെ.എസ്.ഐ.ഡി.സി എം.ഡിക്ക് വ്യവസായമന്ത്രി നിർദേശം നൽകിയത്.. സർക്കാർ നയങ്ങൾക്കു വിരുദ്ധമായ ധാരണാപത്രത്തിന് സർക്കാരിന്റെപിന്തുണയും സഹകരണവും ലഭിക്കില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സംഭവങ്ങളുടെ നാൾവഴി പരിശോധിച്ചാലത് തെളിയും. ഈ സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പള്ളിപ്പുറത്തെ നാലേക്കർ ഭൂമി ഇടപാടും മരവിപ്പിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി സംസ്ഥാന സർക്കാരുണ്ടാക്കിയവിവാദ ധാരണാ പത്രങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ, പദ്ധതിയുടെ ഭാഗമായി സർക്കാർ അനുവദിച്ച നാലേക്കർ ഭൂമിയുടെ ഇടപാട് മരവിപ്പിച്ചേക്കും. അസന്റിൽ അവതരിപ്പിച്ച ആഴക്കടൽ മത്സ്യബന്ധന സമഗ്രവികസന പദ്ധതിയിൽ പരസ്പരം സഹകരിക്കാനും , സംസ്ഥാനത്ത് ട്രോളറുകളുണ്ടാക്കാനും ഒാരോ ധാരണാപത്രത്തിൽ കെ.എസ്.ഐ.ഡി.സിയും നാവിഗേഷൻ കോർപറേഷനും ഒപ്പു വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി 13ന് ചേർന്ന ആലപ്പുഴ ജില്ലാ ഇൻഡസ്ട്രിയൽ ലാൻഡ് അലോട്ട്മെന്റ് കമ്മിറ്റി ചേർത്തലയ്ക്കടുത്ത് പള്ളിപ്പുറത്ത് നാലേക്കർ ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 3ന് അലോട്ട്മെന്റ് ലെറ്റർ ഇ.എം.സി.സിക്ക് നൽകി. രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കിയെങ്കിലും ഭൂമി അനുവദിച്ചുള്ള നടപടി സർക്കാർ ഇനിയും റദ്ദാക്കിയിട്ടില്ല. ഇ.എം.സി.സിയുമായി മൂന്ന് സ്ഥാപനങ്ങൾ നടത്തിയ ഇടപാടുകൾക്ക് പൊതുസ്വഭാവമില്ലെന്നും ഇതൊരു പാക്കേജൊന്നുമല്ലെന്നുമാണ് സർക്കാർ പറയുന്നത്. ഏക്കറിന് 1,37,25,645 രൂപാനിരക്കിൽ നാലേക്കറിന് 5.49,02,580 രൂപ രൊക്കമായി അടച്ച് ഇ.എം.സി.സി. ഭൂമി ഏറ്റെടുക്കണമെന്നാണ് അലോട്ട്മെന്റ് ലെറ്ററിലുള്ളത്. 30വർഷത്തേക്കാണ് ഭൂമി കൈമാറുന്നത്. അലോട്ട്മെന്റ് വ്യവസ്ഥയനുസരിച്ച് ഇവിടെ വൈദ്യുതി,കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് കമ്പനിയാണ്. സീഫുഡ് പ്രോസസിംഗ് പ്ളാന്റ് നിർമ്മിക്കാനാണ് സ്ഥലം അനുവദിച്ചത്. വിവാദമായതോടെ പണമടച്ച് കമ്പനി സ്ഥലം ഏറ്റെടുത്തിട്ടില്ല. 2013 ലെ ഡിസ്പോസൽ ഒാഫ് ലാൻഡ് ഫോർ ഇൻഡസ്ട്രിയൽ പർപ്പസ് ചട്ടമനുസരിച്ചാണ് അലോട്ട്മെന്റ്. ഇതനുസരിച്ച് ഭൂമി അനുവദിച്ചുകിട്ടിയാൽ കമ്പനി ആറു മാസത്തിനകം അത് ഏറ്റെടുത്താൽ മതി. കൂടുതൽ സാവാകാശം വേണമെങ്കിൽ അപേക്ഷ സമർപ്പിക്കണം. ഭൂമി ഏറ്റെടുക്കൽ പിന്നീടും നടത്താം. നിലവിലെ സാഹചര്യത്തിൽ ഭൂമി കൈമാറാതെ മരവിപ്പിക്കാനാണ് നീക്കം . സീഫുഡ് പ്രോസസിംഗ് കമ്പനിക്ക് സ്ഥലം നൽകുന്നത് നിലവിലെ നിയമങ്ങൾക്കോ,നയങ്ങൾക്കോ വിരുദ്ധവുമല്ല.