ഉദ്യോഗാർത്ഥികളുടെ സമരം: ചർച്ച ചെയ്യാൻ വിഷമമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർത്ഥികളുമായി പല തലത്തിലുള്ള ചർച്ചകൾ സർക്കാർ നടത്തിയിട്ടുണ്ടെന്നും, ഇനിയും ചർച്ച ചെയ്യുന്നതിന് ഒരു വിഷമവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അവരിൽ കാര്യങ്ങൾ തെറ്റിദ്ധരിക്കാനിടയായവരുണ്ട്. ഉദ്യോഗാർത്ഥികൾക്ക് സാദ്ധ്യമായ ഏത് സഹായവും ചെയ്യും. ഏതെല്ലാം തരത്തിലുള്ള ഇടപെടൽ ഇനിയും സാദ്ധ്യമാകുമോ അതെല്ലാം നടത്തും.
സർക്കാർ ശ്രമിക്കാത്തതിനാലല്ല റാങ്ക്ജേതാക്കളുടെ സമരം അവസാനിക്കാത്തത്. കാര്യങ്ങൾ എങ്ങനെ തെറ്റായി അവതരിപ്പിക്കാമെന്ന് നോക്കുന്ന ചിലർക്കാണ് കുഴപ്പം. സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയുടെ കാര്യത്തിൽ നാട്ടിലെ നിയമവ്യവസ്ഥയ്ക്കനുസരിച്ചേ കാര്യങ്ങൾ ചെയ്യാനാകൂ. ജുഡിഷ്യൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട് ആദ്യമുണ്ടായതിന് പുറമേ പുതിയ ഒഴിവുകൾ വന്നപ്പോൾ പഴയ ലിസ്റ്റിൽ നിന്ന് ആളുകളെ നിയമിക്കാൻ നോക്കിയത് സുപ്രീംകോടതിയാണ് തടഞ്ഞത്. സിവിൽ പൊലീസ് ഓഫീസർമാരുടെ കാര്യത്തിൽ ഈ വർഷം ഡിസംബർ വരെയുണ്ടാകാവുന്ന ഒഴിവുകൾ മുൻകൂട്ടി കണക്കാക്കിയാണ് നിയമനം നടത്തിയത്.