സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കില്ല; കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു

Friday 26 February 2021 8:48 AM IST

കൊല്ലം: കൊല്ലം ബൈപ്പാസി‌ലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ പിരിവ് അനുവദിക്കില്ലെന്ന് പൊലീസ് ടോൾ കമ്പനിയെ അറിയിച്ചു. കൊല്ലം ബൈപ്പാസിൽ ഇന്ന് രാവിലെ എട്ടു മുതൽ ടോൾ പിരിക്കാനാണ് കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ ഇക്കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിട്ടില്ല. പകരം വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം ജില്ലാഭരണകൂടത്തെ അറിയിച്ചത്.

കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെന്നാണ് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ എതിർപ്പ് ഇപ്പോഴും നിലനിൽക്കുകയാണ്. ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിട്ടിക്ക് സംസ്ഥാനം നേരത്തെ കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് ടോൾ പിരിവ് ആരംഭിക്കാൻ കമ്പനി തീരുമാനിച്ചത്. തുടർന്നാണ് പൊലീസെത്തി പിരിവ് തടഞ്ഞത്.