യോഗിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യതയേ പിണറായിക്കുളളൂ; യു പി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡോളറോ സ്വർണമോ കടത്തിയിട്ടില്ലെന്ന് സുരേന്ദ്രൻ

Friday 26 February 2021 10:27 AM IST

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇത്രയും ഇരട്ടത്താപ്പും കാപട്യവുമുളള മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായി വിജയനുളളൂ. യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ ഓഫീസിൽ കളളക്കടത്തുകാർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുകയാണ്,ജയിലിൽ കിടക്കുകയല്ല. യോഗി ആദിത്യനാഥിന്റെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണമോ ഡോളറോ കടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ല. സ്വന്തം പരാജയം മറച്ചുവയ്‌ക്കാനാണ് യു പി മുഖ്യമന്ത്രിയെ പിണറായി വിജയൻ ആക്ഷേപിക്കുന്നത്. യോഗിയെ അധിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തം വീഴ്ച മുഖ്യമന്ത്രി അംഗീകരിക്കണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിക്ക്‌ ഓഫീസിൽ ആരൊക്കെയാണ് തന്നെ കാണാൻ വരുന്നത് എന്ന കാര്യവും അദ്ദേഹത്തിന് വ്യക്തതയില്ല. അത്ര നിരുത്തരവാദപരമായാണോ ഓഫീസ് കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കാപട്യത്തിന്റെ പര്യായമായി പിണറായി വിജയൻ മാറിയിരിക്കുന്നുവെന്നും പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധന കരാറിൽ അഴിമതിയുണ്ടെന്ന് ജനം അറിയുമെന്ന് വന്നപ്പോൾ ഉടനെ പറയുന്നു അത് ബി ജെ പിയും യു ഡി എഫും തമ്മിലുളള ധാരണയാണെന്ന്. യു ഡി എഫും ബി ജെ പിയും പ്രതിപക്ഷ പാർട്ടികളായതിനാൽ സമാന അഭിപ്രായങ്ങൾ ഉണ്ടായിരിക്കും. അത് ജനാധിപത്യ സംവിധാനത്തിൽ സംഭവിക്കുന്നതാണ്. സ്വന്തം വകുപ്പിന് കീഴിലുളള ഒരു കാര്യവും അറിയില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പരസ്യമായി സമ്മതിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.