ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്‌കിന്റെ വിലയിൽ അഴിമതി? ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌ത ജീവനക്കാരന് സസ്‌പെൻഷൻ

Friday 26 February 2021 12:04 PM IST

തിരുവനന്തപുരം: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്‌കിന്റെ വിലയിൽ അഴിമതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്കിലെ പോസ്റ്റ്, ഷെയർ ചെയ്‌ത ഖാദി ബോർഡ് ജീവനക്കാരന് സസ്‌പെൻഷൻ. ഖാദി ബോർഡിന്റെ തിരുവനന്തപുരം പ്രോജക്‌ട് ഓഫീസിലെ സീനിയർ ക്ലാർക്കും ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ (ഐ എൻ ടി യു സി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബി എസ് രാജീവിനെയാണ് അന്വേഷണവിധേയമായി ബോർഡ് സെക്രട്ടറി ഡോ കെ എ രതീഷ് സസ്‌പെൻഡ് ചെയ്‌തത്.

ഖാദി ബോർഡിന്റെ ജീവനക്കാരനായിരിക്കെ സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് അധികൃതർ പറയുന്നത്. ഖാദി ബോർഡ് വൈസ് ചെയർപഴ്സൻ ശോഭന ജോർജിന്റെ ഉത്തരവ് പ്രകാരമാണ് സെക്രട്ടറിയുടെ രാജീവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഫെബ്രുവരിയിലെ ഭക്ഷ്യ കിറ്റിനൊപ്പം രണ്ട് ഖാദി മാസ്‌ക് വീതം നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു. കിറ്റ് തയ്യാറാക്കുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന് ലക്ഷണക്കണക്കിന് മാസ്‌ക് നൽകുകയും ചെയ്തു. സിംഗിൾ ലെയർ മാസ്കിന്റെ ഗുണമേന്മ സംബന്ധിച്ച വാർത്തകളുണ്ടായിരുന്നു. ഇതേക്കുറിച്ച് തന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ഒരാൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് ജീവനക്കാരൻ പങ്കുവച്ചത്.