സ്വപ്‌നലോകത്തിരുന്ന് സുരേന്ദ്രന് എന്തും പറയാമല്ലോ; കേരളത്തിലെ പത്ത് സീറ്റുകളിൽ സി പി എം-ബി ജെ പി ധാരണയെന്ന് മുല്ലപ്പളളി

Friday 26 February 2021 1:01 PM IST

തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന ശുഭപ്രതീക്ഷയുണ്ട്. അതിനുളള എല്ലാ സാദ്ധ്യതയും തെളിഞ്ഞുവന്നിട്ടുമുണ്ട്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകണമെന്ന് തന്നെയാണ് പദ്ധതി. അത് തന്നെയാണ് രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശമെന്നും മുല്ലപ്പളളി വ്യക്തമാക്കി.

കേരളത്തിലെ തിരഞ്ഞെടുപ്പിൽ 30 മുതൽ 40 വരെ സീറ്റ് നേടിയാൽ കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയുമെന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ മുല്ലപ്പളളി പരിഹസിച്ചു. സ്വപ്‌നലോകത്തിരുന്ന് സുരേന്ദ്രന് എന്തും പറയാമല്ലോ, അതിന് അത്ര പ്രധാന്യം മാത്രമെ നൽകുന്നുളളൂവെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.

കേരളത്തിൽ സി പി എം-ബി ജെ പി ധാരണയുണ്ട്. അതിൽ ഒരു സംശയവുമില്ല. പത്ത് സീറ്റുകളിലാണ് ധാരണ. അഞ്ച് സീറ്റിൽ ജയിച്ചുവന്ന് നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബി ജെ പി ശ്രമം. അതിനായി കേരളത്തിലെ സി പി എം നേതാക്കന്മാരും അഖിലേന്ത്യാ ബി ജെ പി നേതാക്കളും തമ്മിൽ കരാർ ഉണ്ടായിക്കിയിട്ടുളളതെന്നും മുല്ലപ്പളളി പറഞ്ഞു.