നവജിത് അഭിനയിക്കും പരിശീലിപ്പിക്കും
അഭിനയവും അഭിനയപരിശീലനവുമൊക്കെയായി സിനിമയിൽ തിളങ്ങുകയാണ് കാസർകോട് മടിക്കൈ സ്വദേശി നവജിത് നാരായണൻ. ചെറിയവേഷങ്ങളുമായി മലയാള സിനിമയിൽ സാന്നിദ്ധ്യമറിയിക്കാറുണ്ടെങ്കിലും സ്വപ്നം കണ്ടതുപോലെ ഒരു നായകവേഷം നവജിത്തിനെ തേടിയെത്തിയത് 'കോഴിപ്പോര് " എന്ന ചിത്രത്തിലൂടെയായിരുന്നു.
ആർ.എസ്. വിമലിന്റെ 'എന്ന് നിന്റെ മൊയ്തീൻ", കമലിന്റെ 'ഉട്ടോപ്യയിലെ രാജാവ് ", ലാൽ ജോസിന്റെ 'നീന", പ്രശോബ് വിജയന്റെ 'ലില്ലി"എന്നീ സിനിമകളിലെല്ലാം ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. എന്നാൽ, നവജിത്തിനെ ശ്രദ്ധേയമാക്കിയത് കമൽ സംവിധാനം ചെയ്ത 'ആമി" യിലെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വേഷമായിരുന്നു.
1999 ൽ നാടകനടിയായ അമ്മയോടൊപ്പമായിരുന്നു കലാരംഗത്തേക്കുള്ള പ്രവേശം. ഏതാണ്ട് 2500ലധികം വേദികളിൽ നാടകം അവതരിപ്പിച്ചു. 250 വേദികളിൽ അവതരിപ്പിച്ച 'അഭയം" എന്ന നാടകത്തിലൂടെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. 'ഭഗത് സിംഗ്" എന്ന ഒറ്റയാൾ നാടകം 500ൽ പരം വേദികളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടി. സുവീരൻ, മഞ്ജുളൻ, ഇ.വി. ഹരിദാസ്, അനിൽ നടക്കാവ്, പി.ജി. സുർജിത്, പ്രദീപ് മണ്ടൂർ, ബാബു അന്നൂർ എന്നിവരുടെ കീഴിലായിരുന്നു നാടക പരിശീലനം. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ രണ്ടു തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്നാണ് സിനിമയിലേക്ക് തിരിയുന്നത്. അഭിനയത്തിന് പുറമെ ഇരുപതോളം നാടകങ്ങളും 'മുണ്ട്" എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം പുറമെ തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് അറിയപ്പെടുന്ന അഭിനയപരിശീലകൻ എന്ന നിലയിലും നവജിത് സ്വന്തം മേൽവിലാസം എഴുതിച്ചേർത്തു. ചെന്നൈ കൂത്തുപട്ടരായിൽ എലമെന്റ്സ് ഒഫ് സിനിമ അക്കാഡമിയിൽ അക്കാഡമിക് തലവനായിരുന്നു. ഇപ്പോൾ കൊച്ചിയിൽ ഉൾപ്പെടെ സൗത്ത് ഇന്ത്യയിൽ ഒട്ടാകെ 'പടക്കളം" എന്ന പേരിൽ നടീനടന്മാർക്കും പുതുമുഖ പ്രതിഭകൾക്കും അഭിനയ പരിശീലനം നടത്തിവരുന്നു. തെന്നിന്ത്യൻ സിനിമാരംഗത്ത് പ്രശോഭിച്ചുനിൽക്കുന്ന പല യുവനക്ഷത്രങ്ങളും നവജിത്തിന്റെ ശിഷ്യഗണങ്ങളാണ്. കഴിവുള്ള കലാകാരന്മാർക്ക് അഭിനയകലയിൽ നൈപുണ്യ പരിശീലനം നൽകി അവസരമൊരുക്കിക്കൊടുക്കുക എന്നതാണ് 'പടക്കള"ത്തിന്റെ ലക്ഷ്യം. പത്തുവയസിന് മുകളിൽ പ്രായമുള്ള ആർക്കും പരിശീലനം നൽകും. പുതുമുഖ നടീനടന്മാരെ ആവശ്യമുള്ള നിർമാതാക്കളും സംവിധായകരും 'പടക്കള"ത്തെ ആശ്രയിക്കാറുണ്ട്. അഭിനേതാക്കളിൽ പ്രത്യേക കഥാപാത്രങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിനും നവജിത്തിന്റെ സേവനം സിനിമലോകം പ്രയോജനപ്പെടുത്തുന്നുണ്ട്. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന 'പ്രകാശൻ പരക്കട്ടെ" സിനിമയുടെ കാസ്റ്റിംഗും ഈ കൂട്ടത്തിൽപ്പെടും. പടക്കളത്തിൽ നിന്നുള്ള പുതുമുഖങ്ങളെ അണിനിരത്തി 'തട്ടാശേരി കൂട്ടം" എന്നൊരു സിനിമയുടെ അണിറപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ നിന്ന് നല്ല കലാകാരന്മാരെ കണ്ടെത്തി 'പടക്കള"ത്തിലെത്തിച്ച് സൗജന്യ പരിശീലനം നൽകി സിനിമയിൽ എത്തിക്കുകയെന്ന ദൗത്യത്തിലാണ് നവജിത്ത് ഇപ്പോൾ. മടികൈ അടുക്കത്ത് പറമ്പിൽ നാരായണന്റെയും നാടകനടി വത്സലയുടെയും മകനാണ്. ഭാര്യ ഗ്രീഷ്മ. മകൻ നിധാഗ്ന്.