ബസിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് ടൂവീലറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. അഞ്ചുതെങ്ങ് മുരുക്കുവിളാകം വീട്ടിൽ ജോൺസൺന്റെ ഭാര്യ ഷേർളിയാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം ഷേർളിയും ജോൺസണും അഞ്ചുതെങ്ങിൽ നിന്ന് ടൂവീലറിൽ ചിറയൻകീഴിലേക്ക് പോകുന്നതിനിടെ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. വർക്കലയിലേക്ക് പോവുകയായിരുന്ന ബസ് അഞ്ചുതെങ്ങ് പെട്രാൾ പമ്പിന് സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോയെ ഓവർടേക്ക് ചെയ്യുന്നത് കണ്ട്, എതിർദിശയിൽ വരികയായിരുന്ന ജോൺസൺ ടൂവീലർ വെട്ടിക്കുകയും ഘട്ടറിൽ വീണ് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
വീഴ്‌ചയിൽ ബസിനടിയിലകപ്പെട്ട ഷേർളിയുടെ ദേഹത്തുകൂടി പിൻചക്രം കയറി. പിന്നാലെയെത്തിയ പൊലീസ് ജീപ്പിൽ ഷേർളിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോൺസണ് നിസാര പരിക്കേറ്റു. മത്സ്യത്തൊഴിലാളിയാണ് ജോൺസൺ. മക്കൾ: ജിഷ, ജിൻസി, ജോഷി. മരുമക്കൾ: ബെയ്‌സിൽ, സനൽ. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തിട്ടുണ്ട്.