വിദേശ നാണയ ശേഖരം വീണ്ടും മേലോട്ട്

Saturday 27 February 2021 3:35 AM IST

മുംബയ്: ഒരിടവേളയ്ക്ക് ശേഷം വിദേശ നാണയ ശേഖരം വീണ്ടും ഉയരുന്നു. കഴിഞ്ഞവാരം 16.9 കോടി ഡോളർ വർദ്ധിച്ച് ശേഖരം 58,386.5 കോടി ഡോളറിലെത്തി. ജനുവരി 29ന് ഏക്കാലത്തെയും ഉയരമായ 59,018.5 കോടി ഡോളറിലെത്തിയ വിദേശ നാണയ ശേഖരം പിന്നീട് ഇടിഞ്ഞിരുന്നു.

വിദേശ നാണയ ആസ്‌തി കഴിഞ്ഞവാരം 115.5 കോടി ഡോളർ വർദ്ധിച്ച് 54,210.6 കോടി ഡോളറിലെത്തി. ഡോളറിലാണ് കണക്കാക്കുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ മറ്റ് പ്രമുഖ കറൻസികളായ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. 3,525 കോടി ഡോളറാണ് ഇന്ത്യയുടെ കരുതൽ സ്വർണശേഖരമെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു; ഇത് കഴിഞ്ഞവാരം 97.7 കോടി ഡോളറിന്റെ കുറവ് രേഖപ്പെടുത്തി.