മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും സമ്പന്നൻ
മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന പട്ടം സ്വന്തം. മുകേഷിൽ നിന്ന് കഴിഞ്ഞവർഷം ഏഷ്യയിലെ ഒന്നാം നമ്പർ ശതകോടീശ്വരപട്ടം തട്ടിയെടുത്ത ചൈനീസ് വ്യവസായി ഷോംഗ് ഷാൻഷൻ 7,660 കോടി ഡോളർ (ഏകദേശം 5.66 ലക്ഷം കോടി രൂപ) ആസ്‌തിയുമായി രണ്ടാംസ്ഥാനത്തായി. 8,000 കോടി ഡോളറാണ് (5.91 ലക്ഷം കോടി രൂപ) മുകേഷിന്റെ സമ്പത്ത്.
കഴിഞ്ഞയാഴ്‌ച മാത്രം ഷോംഗ് ഷാൻഷനിന്റെ കുപ്പിവെള്ള കമ്പനിയുടെ ഓഹരിവില 20 ശതമാനം ഇടിഞ്ഞതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഇതുമൂലം ഏകദേശം 2,200 കോടി ഡോളറിന്റെ ഇടിവ് അദ്ദേത്തിന്റെ ആസ്‌തിയിലുണ്ടായെന്ന് ബ്ളൂംബെർഗ് ശതകോടീശ്വര പട്ടിക വ്യക്തമാക്കുന്നു. ചൈനീസ് ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പ് തലവനുമായ ജാക്ക് മായെ പിന്തള്ളിയാണ് ആദ്യമായി ഏഷ്യയിലെ ഏറ്റവും സമ്പന്ന കിരീടം അംബാനി ചൂടിയത്. പിന്നീട്, മായെ കടത്തിവെട്ടി ഷോംഗ് ഷാൻഷൻ കളംവാണതോടെ, അംബാനിയും പിന്നിലായി.
കഴിഞ്ഞ ഡിസംബറിൽ ലോകത്തെ ആറാമത്തെ വലിയ ശതകോടീശ്വരൻ എന്ന സ്ഥാനവും അംബാനിക്ക് ലഭിച്ചിരുന്നു. ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കായിരുന്നു കഴിഞ്ഞവാരം ലോകത്തെ ഏറ്റവും സമ്പന്നനെങ്കിലും പിന്നീട് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് ആ സ്ഥാനം വീണ്ടും പിടിച്ചെടുത്തു.