ബി.ജെ.പിക്ക് മുന്നിൽ രാഹുൽ ഒഴിഞ്ഞു മാറുന്നു: മുഖ്യമന്ത്രി

Saturday 27 February 2021 1:15 AM IST

തിരുവനന്തപുരം: കേരളത്തിലെ ഇടത് സക്കാരിനെ വിമർശിക്കുന്ന കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് രാഹുൽ ഗാന്ധി ബി.ജെ.പിക്ക് മുന്നിൽ ഒഴിഞ്ഞു മാറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ വന്ന് സർക്കാരിനെ മോശം ഭാഷയിൽ വിമർശിക്കുന്ന രാഹുൽഗാന്ധി ,കോൺഗ്രസ് ബി.ജെ.പിയുമായി നേരിട്ട് ഏ​റ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്ക് എന്തുകൊണ്ടു പോകുന്നില്ല. ഇടതുമുന്നണിയെ ആക്രമിക്കാൻ കാട്ടുന്ന താത്പര്യം ആരെ സഹായിക്കാനാണ്. അതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?..കോൺഗ്രസ് ഇവിടെ രക്ഷപ്പെടുന്നത് ഇടതുമുന്നണി ഉള്ളതുകൊണ്ടാണ്. ബി.ജെ.പിക്ക് പ്രതിരോധം തീർക്കാൻ ഞങ്ങളുണ്ട്. പുതുച്ചേരിയിൽ സംഭവിച്ചത് എന്താണെന്ന് എല്ലാവരും കണ്ടു. അപ്പോൾ എന്തോ ഒരു വഴുതിമാറൽ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് സ്വീകരിക്കേണ്ട നിലയല്ല ഇത്. വടക്കേ ഇന്ത്യയെക്കുറിച്ച് പറഞ്ഞിനെപ്പറ്റി ഞാനൊന്നും പ്രതികരിക്കുന്നില്ല. എന്നാൽ, തിരഞ്ഞെടുത്തവരെ അടക്കം തള്ളിപ്പറയുന്നത് മാന്യമായ രാഷ്ട്രീയമല്ല . അവരെ അധിക്ഷേപിച്ചത് ശരിയല്ലെന്ന് രാഹുൽഗാന്ധി മനസിലാക്കണം- പിണറായി ഓർമ്മിപ്പിച്ചു.