കൊല്ലം കൈയയച്ച് ഇടതിനെ തുണച്ചു

Saturday 27 February 2021 2:26 AM IST

ആകെ സീറ്റ്: 11

എൽ.ഡി.എഫ്: 11

യു.‌ഡി.എഫ്: 0

എൽ.ഡി.എഫ്: കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ഇരവിപുരം പുനലൂർ, ചടയമംഗംലം, കരുനാഗപ്പള്ളി, ചാത്തന്നൂർ, കുന്നത്തൂർ, പത്തനാപുരം, ചവറ

2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം. കൊല്ലം, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിൽ ഉൾപ്പെട്ട പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫാണ് മുന്നിട്ടുനിന്നത്. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ വിജയിച്ചത് ഇടത് മുന്നണിയാണെങ്കിലും അതിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ മുന്നിലെത്തിയതും യു.ഡി.എഫായിരുന്നു.

1957 മുതലുള്ള ചരിത്രം പരിശോധിച്ചാൽ കുന്നത്തൂ‌ർ നിയോജക മണ്ഡലമൊഴികെ മറ്റൊരു മണ്ഡലവും സ്ഥിരമായി ഒരു മുന്നണിയെയും തുണച്ചിട്ടില്ല. ബി.ജെ.പി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയതോതിൽ വോട്ടു ശതമാനം വർദ്ധിപ്പിക്കുകയും ചാത്തന്നൂ‌ർ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് നഗരസഭകളും കൊല്ലം കോർപ്പറേഷനും ഇടതുമുന്നണി ഭരണം നിലനിറുത്തി. ജില്ലാ പഞ്ചായത്ത് ഭരണവും ഇടതുമുന്നണി നേടി. പഞ്ചായത്തുകളിലും മേൽക്കെെ ഇടത് മുന്നണിക്കായിരുന്നു. ജില്ലയുടെ തെക്കുകിഴക്ക് മേഖലകളിൽ നായർ, ഈഴവ, ക്രെെസ്തവ സ്വാധീനമാണ് കൂടുതൽ. വടക്കുപടിഞ്ഞാറ് മേഖലകളിൽ നായർ, ഈഴവ,​ ക്രെെസ്തവ വിഭാഗങ്ങൾക്കൊപ്പം മുസ്ലീം സമൂഹവും വോട്ടിൽ നിർണായക സ്വാധീനം ചെലുത്തും.