കോടിയേരി പാർട്ടിയുടെ തലപ്പത്തേക്ക് തിരികെയെത്തേണ്ടത് അനിവാര്യമെന്ന് സി പി എം; വിജയരാഘവന്റെ വടക്കൻ മേഖല ജാഥ ഫലപ്രദമായില്ലെന്നും വിലയിരുത്തൽ
തിരുവനന്തപുരം: ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്‌ണൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുമെന്ന് സൂചന നൽകി സി പി എം നേതൃത്വം. കോടിയേരി പാർട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാർട്ടിക്കുളളിലെ പൊതുവികാരം. എ വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന വടക്കൻമേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാർട്ടിക്കുളളിലുണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുളള സാദ്ധ്യത സി പി എം കേന്ദ്രങ്ങൾ നൽകുന്നത്.
കോടിയേരി തിരികെയെത്തുന്ന സാഹചര്യമുണ്ടായാൽ വിജയരാഘവൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും. വി എസ് അച്യുതാനന്ദൻ ഒഴിയുന്ന മലമ്പുഴ മണ്ഡലത്തിൽ നിന്നാകും അദ്ദേഹം ജനവിധി തേടുക. അതേസമയം, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കുകയാണ് ലക്ഷ്യം. പാർട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ കുറിച്ചും യോഗം ചർച്ച ചെയ്യും.
സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളും, ആർക്കൊക്കെ ഇളവ് നൽകണം എന്നതും യോഗം ചർച്ച ചെയ്യും. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ഇതുവരെയുളള സീറ്റ് വിഭജന ചർച്ചകൾ പാർട്ടി സെക്രട്ടറിയേറ്റിൽ വിശദീകരിക്കും. സി പി ഐ ഉൾപ്പടെയുളള എല്ലാ പാർട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി നടത്തിയ വികസന മുന്നേറ്റ ജാഥയെ സംബന്ധിച്ചും സെക്രട്ടറിയറ്റ് യോഗം വിലയിരുത്തും.