'ഹൗസിംഗ് ബോർഡിന്റെ സ്ഥലമാണ് ആൾദൈവത്തിന് കൈമാറുന്നത്,​ പാവപ്പെട്ടയാളുകൾക്ക് വീട് വച്ചുനൽകാനുള്ള ഭൂമി തന്നെ വേണമോ പിണറായി വിജയന്റെ സ്വന്തക്കാർക്ക് നൽകാൻ'

Saturday 27 February 2021 11:55 AM IST

ആത്മീയാചാര്യൻ ശ്രീ എമ്മിന് യോഗ സെന്റർ ആരംഭിക്കുന്നതിനായി നാലേക്കർ ഭൂമി പാട്ടത്തിന് നൽകാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് വിടി ബൽറാം എംഎൽഎ. പാവപ്പെട്ടയാളുകൾക്ക് വീട് വച്ചുനൽകാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയന്റെ സ്വന്തക്കാർക്ക് നൽകാൻ എന്ന് ബൽറാം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

തലസ്ഥാനത്ത് നാലേക്കർ സർക്കാർ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെന്റിന് എന്തധികാരമാണുള്ളത്! പത്തു വർഷത്തേക്കെന്ന പേരിൽ ഭൂമി പാട്ടത്തിന് കൈമാറിക്കഴിഞ്ഞാൽപ്പിന്നെ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയാൽ മതി എന്നതാണല്ലോ കേരളത്തിന്റെ അനുഭവം.
ആരെങ്കിലും യോഗ സെന്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരിൽ ഒരപേക്ഷയുമായി വന്നാൽ ചുമ്മാതങ്ങ് നൽകാനുള്ളതാണോ സർക്കാർ വക ഭൂമി? തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഐടി സംരംഭങ്ങൾക്ക് സ്ഥലമനുവദിക്കുന്നത് പോലെ യോഗ പ്രോത്സാഹനത്തിന് സർക്കാർ ഭൂമി അനുവദിക്കുന്ന ഏതെങ്കിലും പ്രഖ്യാപിത നയം ആയുഷ് ഡിപ്പാർട്ട്‌മെന്റോ വഴി സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ടോ?


ഹൗസിംഗ് ബോർഡിന്റെ കൈവശത്തിലുള്ള സ്ഥലമാണ് യോഗ ഗുരുവിൽ നിന്ന് ആൾദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആർഎസ്എസ് സഹയാത്രികന് കൈമാറുന്നതെന്ന് കാണുന്നു. പാവപ്പെട്ടയാളുകൾക്ക് വീട് വച്ചുനൽകാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയന്റെ സ്വന്തക്കാർക്ക് നൽകാൻ? കൊട്ടിഘോഷിക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഫ്ളാറ്റ് വച്ചുനൽകലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാലിത് എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത് പഞ്ചായത്തുകൾ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണ്. ഇങ്ങനെയുള്ളപ്പോഴാണ് 400 പേർക്കെങ്കിലും ഫ്ളാറ്റ് നിർമ്മിച്ചു നൽകാൻ കഴിയുന്ന പൊതുഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്.


പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനമാണ് പിണറായി വിജയന്റെ ഇരട്ട ലക്ഷ്യം.
ഇതെന്തൊരു നെറികെട്ട സർക്കാരാണ് !

തലസ്ഥാനത്ത് നാലേക്കർ സർക്കാർ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക്...

Posted by VT Balram on Friday, 26 February 2021