ആറ്റുകാലിൽ പണ്ടാര അടുപ്പ് ജ്വലിച്ചു, വീട്ടുമുറ്റങ്ങളിൽ പ്രാർത്ഥന നിറഞ്ഞു
തിരുവനന്തപുരം: സർവമംഗള മംഗല്യയായ ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി വീടുകളിൽ പൊങ്കാല അർപ്പിച്ച് ഭക്തലക്ഷങ്ങൾ ഉള്ളുരുകി പ്രാർത്ഥിച്ചു. മഹാമാരി നാടുവിട്ടൊഴിഞ്ഞ് വരും വർഷം വീണ്ടും തിരുസന്നിധിയിൽ പൊങ്കാലയിടാനാകണേ എന്ന പ്രാർത്ഥന...
ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിച്ച നിമിഷം തന്നെ ഭക്തർ വീടുകളിൽ തയ്യാറാക്കിയ അടുപ്പുകളിലും തീ പകർന്നു. ക്ഷേത്രത്തിൽ ഇന്നലെ അടുപ്പുവെട്ട് ചടങ്ങിനു മുന്നോടിയായി രാവിലെ 10.20ന് ശ്രീകോവിലിൽ ശുദ്ധപുണ്യാഹം നടന്നു. അപ്പോഴേക്കും തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞിരുന്നു.
തുടർന്ന് ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. ദീപം ഏറ്റുവാങ്ങി മേൽശാന്തി തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്നു. തുടർന്ന് സഹമേൽശാന്തി ടി.കെ.ഈശ്വരൻ നമ്പൂതിരിക്ക് നൽകി. സഹശാന്തി പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിച്ചതോടെ ആചാരവെടി മുഴങ്ങി. അപ്പോൾ സമയം 10.59. വീടുകളിൽ അടുപ്പൊരുക്കി കാത്തിരുന്ന ഭക്തർ ഇതോടെ അമ്മേ നാരായണ, ദേവീ നാരായണ ഉരുവിട്ട് പൊങ്കാലയിടാനാരംഭിച്ചു.
വൈകിട്ട് 3.40ന് ഉച്ചപൂജയ്ക്കു ശേഷം പണ്ടാര അടുപ്പിലെ പൊങ്കാലയിൽ തീർത്ഥം തളിച്ചു. ഈ സമയം ആകാശത്ത് സെസ്ന വിമാനത്തിൽ നിന്ന് പുഷ്പമഴ പെയ്തു. തുടർന്ന് ദീപാരാധന നടന്നു. ഈ ഭക്തി മുഹൂർത്തം ടി.വിയിൽ തത്സമയം കണ്ടതോടെ വീട്ടിൽ തയ്യാറാക്കിയ നിവേദ്യങ്ങളിലും ഭക്തർ തീർത്ഥം തളിച്ചു. ഇനി അടുത്ത വർഷത്തെ പൊങ്കാലയ്ക്കായി കാത്തിരിപ്പ്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി, എം.എൽ.എമാരായ ഒ.രാജഗോപാൽ, വി.എസ്.ശിവകുമാർ, വി.കെ.പ്രശാന്ത്, മേയർ ആര്യ രജേന്ദ്രൻ തുടങ്ങിയവർ ചടങ്ങുകൾക്ക് സാക്ഷിയാകാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു.