ഇടതുമുന്നണിക്ക് തുടർഭരണത്തിന് അനുകൂല സാഹചര്യമെന്ന് വിലയിരുത്തപ്പെടാൻ കാരണങ്ങൾ മൂന്ന്

Sunday 28 February 2021 11:28 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിനിർണ്ണയ ചർച്ചകളിലേക്ക് സി.പി.എം കടക്കുന്നു. ഈ മാസം നാലിന് സംസ്ഥാന സെക്രട്ടേറിയറ്റും അഞ്ചിന് സംസ്ഥാനകമ്മിറ്റിയുമാണ്. സ്ഥാനാർത്ഥി സാദ്ധ്യതാപാനൽ തയാറാക്കാൻ ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ ജില്ലാകമ്മിറ്റികൾ ചേരും.

സി.പി.ഐയുമായി വീണ്ടുമൊരു ഉഭയകക്ഷി ചർച്ച ഇന്നോ നാളെയോ നടന്നേക്കും. കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗവുമായും ചർച്ചയുണ്ട്. പ്രകടനപത്രിക തയ്യാറാക്കൽ അവസാനഘട്ടത്തിലാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മൂന്നിന് ചേരുന്നുണ്ടെങ്കിലും സ്ഥാനാർത്ഥി സാദ്ധ്യതാപട്ടിക പരിഗണിക്കുമെന്ന് ഉറപ്പില്ല. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളിൽ രണ്ടോ മൂന്നോ എണ്ണം വിട്ടുകൊടുക്കേണ്ടിവന്നേക്കാം.കഴിഞ്ഞ തവണ 92 സീറ്റുകളിൽ മത്സരിച്ച സി.പി.എം 80 - 81സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും. ജനതാദൾ-എസ്, എൽ.ജെ.ഡി കക്ഷികൾക്ക് നാല് വീതം നൽകും. കഴിഞ്ഞതവണ അഞ്ചിടത്ത് മത്സരിച്ച ജെ.ഡി.എസിന് വടകര നഷ്ടപ്പെടാനാണിട. അത് എൽ.ജെ.ഡിക്ക് ലഭിക്കും.

ഐ.എൻ.എല്ലിന് കഴിഞ്ഞതവണത്തെ നാല് സീറ്റ് നൽകിയേക്കാം. നാലിടത്ത് വീതം മത്സരിച്ച എൻ.സി.പിക്കും ജനാധിപത്യ കേരള കോൺഗ്രസിനും രണ്ടും ഒന്നും സീറ്റുകൾ കിട്ടിയേക്കും മറ്റ് ചെറുകക്ഷികൾ ഓരോ സീറ്റിൽ തൃപ്തിപ്പെടേണ്ടി വരും.

പ്രചാരണ ജാഥകൾ വിജയിച്ചു

എൽ.ഡി.എഫിന്റെ പ്രചാരണജാഥകൾ മികച്ച വിജയമായെന്ന് പാർട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തി. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷം നടത്തിയ പ്രചാരണം തീരമേഖലയിൽ ആശയക്കുഴപ്പം വരുത്തിയോ എന്നു വിലയിരുത്താൻ അതത് ജില്ലാ കമ്മിറ്റികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

പി.എസ്.സി ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച അനുഭാവപൂർണമായ സമീപനം ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. തുടർഭരണത്തിന് അനുകൂല സാഹചര്യമെന്ന് വിലയിരുത്തിയ യോഗം, ബി.ജെ.പിയുമായി യു.ഡി.എഫ് അവിശുദ്ധ സഖ്യത്തിലേർപ്പെടാനിടയുണ്ടെന്നും നിരീക്ഷിച്ചു.