ജി.എസ്.ടി ഓഡിറ്റ് നിറുത്തലാക്കൽ നികുതി വരുമാനത്തിന് തിരിച്ചടി

Monday 01 March 2021 3:21 AM IST

 നിർ‌മ്മല സീതാരാമന് ഐ.സി.എ.ഐയുടെ നിവേദനം

കൊച്ചി: ജി.എസ്.ടി നിയമത്തിന് കീഴിലുള്ള ഓഡിറ്റ് നിറുത്തലാക്കാനുള്ള നീക്കം നികുതി വരുമാനത്തെ ബാധിക്കുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) ഭാരവാഹികൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കൊച്ചിയിലെത്തിയ ധനമന്ത്രിക്ക് ഐ.സി.എ.ഐ കേന്ദ്ര കമ്മിറ്റിയംഗം ബാബു എബ്രഹാം കള്ളിവയലിലിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

വ്യാപാര, വ്യവസായ മേഖലയുടെ സുഗമമായ പ്രവർത്തനത്തിനായി നിയമങ്ങൾ ലഘൂകരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശ്ളാഘനീയമാണ്. എന്നാൽ, ജി.എസ്.ടി ഓഡിറ്റ് നിറുത്തലാക്കിയാൽ അത് നികുതി വരുമാനത്തിന് തിരിച്ചടിയാകും. ഇതു അഴിമതിക്ക് കളമൊരുക്കുമെന്നും ഐ.സി.എ.ഐ ഭാരവാഹികൾ ധനമന്ത്രിയോട് പറഞ്ഞു. ഐ.സി.എ.ഐയുടെ അഭിപ്രായം ഗൗരവമായി പരിഗണിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

റീജിയണൽ കൗൺസിൽ മുൻ ചെയർമാൻ ജോമോൻ കെ. ജോർ‌ജ്, എറണാകുളം ശാഖാ ചെയർമാൻ രഞ്ജിത്ത് വാര്യ‌ർ, വൈസ് ചെയർമാൻ കെ.വി. ജോസ്, സെക്രട്ടറി ദീപ വർഗീസ്, ട്രഷറർ അലൻ ജോസഫ്, മുൻ ചെയർ‌മാന്മാരായ പി.ആർ. ശ്രീനിവാസൻ, റോയി വർഗീസ്, കമ്മിറ്റിയംഗം സലിം റഷീദ്, ചാർട്ടേഡ് അക്കൗണ്ടന്റ് വിഷ്‌ണു പ്രസാദ് മേനോൻ തുടങ്ങിയവരും ചർച്ചയിൽ സംബന്ധിച്ചു.