ചരിത്രമെഴുതാൻ ഔഡി ഇ-ട്രോൺ GT

Monday 01 March 2021 3:48 AM IST

കൊച്ചി: കാറ്റുവന്ന് കൊത്തിയെടുത്ത ശില്പം പോലെ തോന്നിപ്പിക്കുന്ന മനോഹരമായ രൂപം. ഔഡിയുടെ ഇ-ട്രോൺ ജി.ടി കോൺസെപ്‌റ്റ് കാറിന് ലഭിച്ച വിശേഷണമാണിത്. പരിസ്ഥിതി, ഊർജ സംരക്ഷണങ്ങൾക്കപ്പുറം ഭാവിയിലെ ഇലക്‌ട്രിക് വാഹനയാത്ര എങ്ങനെയായിരിക്കുമെന്ന് ഇ-ട്രോൺ ജി.ടി നിശ്‌ചയിക്കുമെന്നാണ് നിരീക്ഷകലോകം പറയുന്നത്.

ഏത് കോണിൽ നിന്ന് നോക്കിയാലും ഇ-ട്രോൺ ജി.ടി ഒരു ശില്പമാണ്. 2018ലെ ലോഞ്ച് ഏഞ്ചലസ് ഓട്ടോ ഷോയിലാണ് ഇ-ട്രോൺ ജി.ടിയെ ഔഡി പരിചയപ്പെടുത്തിയത്. നേരത്തേ അവതരിപ്പിച്ച ഔഡി ഇ-ട്രോൺ എസ്.യു.വി., ഇ-ട്രോൺ സ്‌പോ‌ർട്ബാക്ക് എന്നിവയുടെ ചുവടുപിടിച്ച് ഇ-ട്രോൺ ജി.ടി എന്ന 4-ഡോർ കൂപ്പേയും വൈകാതെ ഉപഭോക്താക്കളിലേക്ക് എത്തിയേക്കും.

അകത്തളത്തിൽ ഡ്രൈവർ, കോ-ഡ്രൈവർ സീറ്റുകൾ 'സ്പോ‌ർട്ടീ - ലോ - പൊസിഷനിലാണ്" നൽകിയിട്ടുള്ളത്. വീതിയേറിയ സെന്റർ കൺസോൾ അവയെ വേർതിരിക്കുന്നു. വിശാലമാണ് പിൻസീറ്റ് ഏരിയ. 598 ബി.എച്ച്.പി കരുത്തുള്ളതാണ് ഇലക്‌ട്രിക് മോട്ടോർ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.5 സെക്കൻഡ് മതി. 12 സെക്കൻഡിൽ 200 കിലോമീറ്റർ വേഗവും കൈവരിക്കും. കാറിന്റെ ടോപ്‌ സ്‌പീഡ് മണിക്കൂറിൽ 240 കിലോമീറ്ററാണ്. ഒറ്റ ചാർജിംഗിൽ 400 കിലോമീറ്റർ ദൂരം താണ്ടാം. പ്രതീക്ഷിക്കുന്ന വില രണ്ടുകോടി രൂപ.