ആഭ്യന്തര ടൂറിസം: സംസ്ഥാനാന്തര നികുതികൾ ഏകീകരിക്കണം-ഗവർണർ

Monday 01 March 2021 12:00 AM IST

തിരുവനന്തപുരം: ആഭ്യന്തര ടൂറിസത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സംസ്ഥാനാന്തര നികുതികളിലും നിരക്കുകളിലും ഏകീകരണം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.വെർച്വൽ കേരള ട്രാവൽ മാർട്ട് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശരാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകൾ സാധാരണഗതിയിലായിട്ടില്ല. ഈയവസരത്തിൽ ടൂറിസം മേഖലയിലും ആത്മനിർഭർ ഭാരതിന് സാധ്യതയേറി. സംസ്ഥാനാന്തര യാത്ര സുഗമമാക്കാൻ ടൂറിസം വ്യവസായ പങ്കാളികൾ തമ്മിൽ സഹകരണം ആവശ്യമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിരോധ വാക്സിനേഷൻ മാർച്ചോടെ വ്യാപകമാകുമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി ജോയി പറഞ്ഞു. ഇതോടെ സംസ്ഥാനാന്തര യാത്ര കൂടുതൽ സജീവമാകും.ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ,കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം, ടൂറിസം ഡയറക്ടർ വി.ആർ.കൃഷ്ണ തേജ,ഇന്ത്യ ടൂറിസം റീജണൽ ഡയറക്ടർ ഡി.വെങ്കിടേശൻ, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, മുൻ പ്രസിഡന്റുമാരായ ഏബ്രഹാം ജോർജ്ജ്, ഇ എം നജീബ്, നഗരസഭാംഗം എസ്.സതികുമാരി തുടങ്ങിയവർ സംബന്ധിച്ചു.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ അഞ്ച് ദിവസമാണ് കെടിഎമ്മിലെ ബിസിനസ് കൂടിക്കാഴ്ചകൾ .വെർച്വലായി 15000 ലധികം കൂടിക്കാഴ്ചകൾ നടക്കും.