ഐ.എ.എൻ.എസ് സർവേ ഫലം: കേരളത്തിൽ തുടർഭരണം
ന്യൂഡൽഹി :കേരളത്തിൽ ഇടതു തുടർഭരണമെന്ന എ.ബി.പി ന്യൂസ് - സീവോട്ടർ അഭിപ്രായ സർവേയ്ക്കു പിന്നാലെ സമാന സർവേഫലവുമായി ഐ.എ.എൻ.എസ് സർവേ. 140 ൽ 87 സീറ്റ് എൽ.ഡി.എഫ് നേടുമെന്നാണ് 9,000 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ ഫലം. യു.ഡി.എഫിന് 47 മുതൽ 51 വരെ സീറ്റ് ലഭിക്കും. ബി.ജെ.പി നിലവിലെ ഒരു സീറ്റിൽത്തന്നെ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.
അസം, കേരളം, ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടത്തിയ അഭിപ്രായ സർവേയിൽ പിണറായി വിജയനാണ് ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി. കേരളത്തിൽ 72.92 ശതമാനവും ബംഗാളിൽ 57.5 ശതമാനവും അസമിൽ 58.27 ശതമാനവും പേർ നിലവിലെ സർക്കാരുകളുടെ പ്രകടനത്തിൽ തൃപ്തരാണ്. അതേസമയം തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് 16.55 ശതമാനം പേരും പുതുച്ചേരിയിൽ വി.നാരാണസാമിക്ക് 17.48 ശതമാനം പേരും മാത്രമേ പിന്തുണ നൽകിയുള്ളൂ.
രാഹുൽ പ്രധാനമന്ത്രി ആകണമെന്ന് കേരളം
രാഹുൽ ഗാന്ധി, നരേന്ദ്രമോദി എന്നിവരിൽ ആരെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാൻ ആഗ്രഹം? അഭിപ്രായ സർവേയിൽ കേരളത്തിൽ നിന്നുള്ള 57.92 ശതമാനം പേരും തമിഴ്‌നാട്ടിൽ 43.46 ശതമാനം പേരും രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു. പുതുച്ചേരി (45.54%), ബംഗാൾ (54.13%), അസം (47.8%)
സംസ്ഥാനങ്ങൾ പിന്തുണച്ചത് നരേന്ദ്രമോദിയെ. കേരളത്തിൽ നിന്ന് മോദിയെ അനുകൂലിച്ചത് 36.19 ശതമാനം പേരാണ്; തമിഴ്‌നാട്ടിൽ 28.1 ശതമാനം പേരും.