ഭവന വായ്‌പാപലിശ കുറച്ച് എസ്.ബി.ഐ

Tuesday 02 March 2021 3:11 AM IST

 ഓഫർ‌ മാർ‌ച്ച് 31വരെ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ഭവന വായ്‌പാ പലിശനിരക്ക് 0.70 ശതമാനം വരെ കുത്തനെ കുറച്ചു. 6.70 ശതമാനം മുതലാണ് പുതുക്കിയ പലിശനിരക്ക്. മാർച്ച് 31വരെ ഈ താത്കാലിക ഓഫർ തുടരും. പ്രോസസിംഗ് ഫീസിൽ 100 ശതമാനം ഇളവും ബാങ്ക് നൽകുന്നുണ്ട്.

ഉപഭോക്താവിന്റെ വായ്‌പാത്തുകയും സിബിൽ സ്‌കോറും വിലയിരുത്തിയാണ് പലിശയിളവ് (കൺസഷൻ) ലഭിക്കുക. ഇതുപ്രകാരം 75 ലക്ഷം രൂപവരെയുള്ള ഭവന വായ്പകൾ 6.70 ശതമാനം മുതൽ പലിശനിരക്കിൽ സ്വന്തമാക്കാം. 75 ലക്ഷം രൂപയ്ക്കുമേലുള്ള വായ്‌പകൾക്ക് പലിശനിരക്ക് 6.75 ശതമാനം മുതലാണ്. ബാങ്കിന്റെ മൊബൈൽ ആപ്ളിക്കേഷനായ 'യോനോ" വഴി വായ്‌പ തേടുന്നവർക്ക് അധികമായി 0.05 ശതമാനം പലിശയിളവും ലഭിക്കും. അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതാ ഇടപാടുകാർക്ക് അധികമായി 0.05 ശതമാനം പലിശയിളവും നേടാൻ അവസരമുണ്ട്.

വേണം, നല്ല

സിബിൽ സ്കോർ

സിബിൽ സ്‌കോർ പരിഗണിച്ചാണ് പുതിയ ഓഫർ പ്രകാരം എസ്.ബി.ഐ ഭവന വായ്പയ്ക്ക് പലിശയിളവ് നൽകുന്നത്. നിരക്കുകൾ ഇങ്ങനെ:

(₹75 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പയ്ക്ക് സിബിൽ സ്‌കോർ പ്രകാരമുള്ള പലിശ ഓഫർ)

 സിബിൽ സ്‌കോർ 700-750 : 6.9%

 751-800 : 6.8%

 800ന് മുകളിൽ : 6.7%

₹75 ലക്ഷത്തിനു മുകളിലുള്ള ഭവന വായ്‌പയ്ക്ക് പലിശ ഓഫർ 6.75 ശതമാനം മുതൽ.

₹5 ലക്ഷം കോടി

എസ്.ബി.ഐയുടെ മൊത്തം ഭവന വായ്‌പകളുടെ മൂല്യം നടപ്പുവർഷം അഞ്ചുലക്ഷം കോടി രൂപ കടന്നു. നടപ്പുവർഷം മാത്രം നൽകിയത് ഒരുലക്ഷം കോടി രൂപയാണ്. 2020 ഡിസംബർ വരെയുള്ള കണക്കുപ്രകാരം ബാങ്കിന്റെ മൊത്തം വായ്‌പയുടെ 23 ശതമാനം ഭവന വായ്‌പകളാണ്; വളർച്ച 9.99 ശതമാനം. ഭവന വായ്‌പാമൂല്യം അഞ്ചുവർഷത്തിനകം 10 ലക്ഷം കോടി രൂപ കവിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.