മോഡൽ പരീക്ഷ തുടങ്ങി, ചോദ്യങ്ങൾ കുഴപ്പിച്ചില്ല

Tuesday 02 March 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡിൻെറ പശ്ചാത്തലത്തിൽ ചോദ്യങ്ങൾ ചോയിസ് നൽകി എളുപ്പമാക്കി എസ്.എസ്.എൽ.സി, പ്ളസ് ടു മോഡൽ പരീക്ഷകൾ ആരംഭിച്ചു. പ്ളസ് ടുവിന് രാവിലെയും ഉച്ചയ്ക്കും എസ്.എസ്.എൽ.സിക്ക് ഉച്ചയ്ക്കുശേഷവുമാണ് പരീക്ഷ.

പരീക്ഷകൾ എളുപ്പമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഓരോ ചോദ്യത്തിനും ചോയ്സ് നൽകി രണ്ടെണ്ണം വീതമായിരുന്നു. രണ്ടെണ്ണത്തിൽ നിന്ന് ഇഷ്ടമുള്ളവ എഴുതാം. എസ്.എസ്.എൽ.സിക്ക് മലയാളമായിരുന്നു ഇന്നലെ. പ്ളസ് ടുവിന് രാവിലെ ബയോളജി, പൊളിറ്റിക്സ്, ഉച്ചയ്ക്ക് ലാംഗ്വേജും കമ്പ്യൂട്ടർ സയൻസും.

മാർച്ച് അഞ്ചിന് പരീക്ഷകൾ പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ പരീക്ഷ മാറ്റിവച്ചതോടെ 8നേ തീരുകയുള്ളൂ. മൂല്യനിർണയം പൂർത്തിയാക്കി മാർച്ച് 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പരീക്ഷ മാറ്റിയതോടെ അതിലും മാറ്റമുണ്ടാകും.