ക്രൈസ്‌തവ വോട്ടിൽ വലിയൊരു പങ്ക് ഇത്തവണ ബിജെപിക്ക് മറിഞ്ഞേക്കും, അതിന് കാരണങ്ങളിൽ ഒന്ന് പ്രധാനമന്ത്രിയും മറ്റൊന്ന്...

Tuesday 02 March 2021 11:32 AM IST

തിരുവനന്തപുരം : ക്രൈസ്തവ വോട്ടുകൾ തേടി യു.‌ഡി.എഫിനും, എൽ.ഡി.എഫിനും പുറമെ ബി.ജെ.പിയും. ഇതിനുള്ള കരുനീക്കങ്ങൾ തിരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ നടത്തിയ ബി.ജെ.പി ,പള്ളിത്തർക്കം പരിഹരിക്കാൻ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയും ചർച്ചകളിൽ പങ്കെടുത്തതോടെ അതിന് പുതിയ മാനം കൈവന്നു.

ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും ക്രൈസ്തവ മതമേധാവികളുമായി ബി.ജെ.പി നേതൃത്വം നല്ല ബന്ധത്തിലാണ്. ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുടെ പേരിൽ ആരോപണം നേരിടേണ്ടി വന്ന ഗുജറാത്തിൽ പല ക്രിസ്ത്യൻ മതമേധാവികളും പാർട്ടി നേതൃത്വുമായി അടുത്തു. കേരളത്തിലാകട്ടെ പള്ളിത്തർക്കങ്ങളിലുപരി, വൈകാരിക പ്രശ്‌നങ്ങളുയർത്തിയാണ് ബി.ജെ.പി ക്രിസ്തുമത വിശ്വാസികളെ സ്വാധീനിക്കാനൊരുങ്ങുന്നത്.

ലൗ ജിഹാദാണ് ബി.ജെ.പി പ്രചാരണത്തിലെ പ്രധാന വിഷയം. സംഘപരിവാർ സംഘടനകൾ ഇക്കാര്യത്തിൽ വളരെ മുന്നേറിക്കഴിഞ്ഞു. പല ക്രിസ്ത്യൻ മത നേതാക്കളും ലൗ ജിഹാദ് സമുദായത്തിന് വെല്ലുവിളിയാണെന്ന് സമ്മതിക്കുന്നു. ഇതുസംബന്ധിച്ച വീഡിയോകൾ വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുർക്കി ഇസ്താംബൂളിനടുത്ത് ഹാഗിയ സോഫിയയിലെ പഴയ ക്രിസ്ത്യൻ പള്ളി എർ‌ദോഗൻ ഭരണകൂടം മുസ്ലിം പള്ളിയാക്കിയതും ക്രൈസ്തവ വിശ്വാസികളിൽ ആശങ്കയുളവാക്കിയിരുന്നു. അതിനെ തങ്ങൾ കുടുംബത്തിലെ അംഗവും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ന്യായികരിച്ചതും ക്രൈസ്തവ വിശ്വാസികളെ മുറിവേല്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സാദിഖലി നിലപാട് തിരുത്തിയത്.

യു.‌ഡി.എഫ് നേതൃത്വം മുസ്ലീംലീഗിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയാണെന്നാണ് ബി.ജെ.പി പ്രചാരണം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണും കർദ്ദിനാൽ ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചതും ഈ പശ്ചാത്തലത്തിലാണ്.