സ്ഥാനാർത്ഥിമോഹികളില്ല, കൊയിലാണ്ടിയിൽ ഒടുവിൽ കെ.ദാസന് തന്നെ സാദ്ധ്യത

Wednesday 03 March 2021 12:41 AM IST
കെ.ദാസൻ എം.എൽ.എ

കൊയിലാണ്ടി: സി.പി.എം മത്സരരംഗത്തിറങ്ങുന്ന മറ്റു പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥിബാഹുല്യം പ്രകടമെങ്കിൽ കൊയിലാണ്ടി വേറിട്ടുനിൽക്കുകയാണ്. രണ്ടു തവണ തുടർച്ചയായി ജയിച്ച കെ.ദാസനെ തന്നെ ഇളവോടെ ഒടുവിൽ സ്ഥാനാർത്ഥിയാക്കിയേക്കും.

മൂന്നാംവട്ടം വേണ്ടെന്ന നേതൃതീരുമാനം ഇവിടെയും ബാധകമാക്കണമെന്ന ആവശ്യം ഏരിയാഘടകങ്ങളിൽ നിന്നു ഉയർന്നെങ്കിലും ബദൽപേര് നിർദ്ദേശിക്കാൻ കഴിഞ്ഞില്ല. മറുനാട്ടുകാരെ ഇവിടെ രംഗത്തിറക്കുന്നതിനോട് പൊതുവെ ഇവിടത്തുകാർക്ക് യോജിപ്പില്ലെന്ന് പാർട്ടി നേതൃത്വത്തിന് ബോദ്ധ്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കെ.ദാസനെ ഒരു തവണകൂടി രംഗത്തിറക്കാനുള്ള ആലോചന.

പയ്യോളി, കൊയിലാണ്ടി മുനിസിപ്പാലിറ്റികളും തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളും ഉൾപ്പെട്ട കൊയിലാണ്ടി മണ്ഡലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മിക്കതും ദീർഘകാലമായി ഭരിക്കുന്നത് സി.പി.എമ്മാണ്. എന്നാൽ, ഇതിനു മുകളിലേക്ക് കഴിവുറ്റ ചെറുപ്പക്കാരെ വളർത്തിയെടുക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന തോന്നലാണ് അണികളിൽ പൊതുവെ. ദീർഘകാലം നീണ്ടുപോയ വലയൊരളവിൽ പാർട്ടിയെ ബാധിച്ചിട്ടുണ്ട്. സൈദ്ധാന്തികർ കൂടിയായ മുൻനിരക്കാരിൽ പലരും പാർട്ടിയ്ക്ക് പുറത്താവുകയോ പ്രസ്ഥാനത്തെ ഉപേക്ഷിക്കുകയോ ചെയ്തു. കൊയിലാണ്ടി ഏരിയാ കമ്മിറ്റി മുൻ സെക്രട്ടറി എൻ.വി. ബാലകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗവും മുൻ ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റുമായ ഭാസ്കരൻ, ഏരിയ കമ്മിറ്റി അംഗം മൂരാട് ശൈലജ എന്നിവർ പാർട്ടിയിൽ നിന്നു പുറത്ത്‌ പോയവരാണ്. അഭിപ്രായ ഭിന്നതയെ തുടർന്ന് ഡി.വൈ എഫ് ബ്ളോക്ക് പ്രസിഡന്റായിരുന്ന എം.സമദും പുറത്തായി. ചുരുക്കത്തിൽ രണ്ടാംനിര നേതൃത്വം ശോഷിക്കാനിടയാവുകയായിരുന്നു.

പാർട്ടി മുൻ ഏരിയാ സെക്രട്ടറിമാരായ പി.കെ.ശങ്കരൻ, പി. വിശ്വൻ, എം. കുഞ്ഞമ്മദ് എന്നിവർ ഇവിടെ നിന്ന് മത്സരിച്ചവരാണ്. വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്നവരിൽ പലരും കരിയറിസ്റ്റുകളായി മാറിയെന്ന വിലയിരുത്തലാണ് പഴയ നേതാക്കളിൽ മിക്കവർക്കും.