അടൂരിന്റെ അങ്കത്തലവൻ ആര് ?

Wednesday 03 March 2021 12:00 AM IST

അടൂർ : അടരിന്റെ ഊരായ അടൂരിൽ ഇക്കുറി ആര് അങ്കം ജയിക്കും? മൂന്ന് മുന്നണികളും കച്ചമുറുക്കി കാത്തിരിക്കുകയാണ്. ഇടതു വലത് മുന്നണികളെ മാറിമാറി വരിക്കുന്നതായിരുന്നു മണ്ഡലത്തിന്റെ പൊതു സ്വഭാവമെങ്കിലും 1991 മുതൽ അതിന് മാറ്റംവന്നു. തുടർച്ചയായി നാല് തവണ ത്രിവർണ്ണപതാക പാറിയ മണ്ഡലം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി ചെങ്കൊടി കീഴിലാണ്.

കോട്ടയത്തുനിന്ന് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് എന്നും ഭരണപക്ഷത്തിന് അനുകൂലമായി വിധിയെഴുതിവന്ന അടൂരിന്റെ ചരിത്രം തിരുത്തിയത്. തുടർച്ചയായി നാല് തവണ വിജയിച്ച തിരുവഞ്ചൂരിന് 2011-ൽ അടൂർ സംവരണമണ്ഡലമായതോടെ കോട്ടയത്തേക്ക് ചേക്കേറേണ്ടിവന്നു. ഒപ്പം മണ്ഡലത്തിന്റെ അതിർത്തിക്കും മാറ്റംവന്നു. അടൂർ മണ്ഡലത്തിൽ നിന്ന് ഏനാദിമംഗലം പഞ്ചായത്തിനെ കോന്നിയിലേക്ക് മാറ്റിയപ്പോൾ പകരം കോന്നിയുടെ ഭാഗമായ കൊടുമൺ പഞ്ചായത്തും ഇല്ലാതായ പന്തളം നിയോജക മണ്ഡലത്തിലെ പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകളും കൂട്ടിചേർക്കപ്പെട്ടു. പൊതുവേ ഇടത് ആഭിമുഖ്യം പുലർത്തിവരുന്ന ഇൗ പ്രദേശങ്ങൾ അടൂരിന്റെ ഭാഗമായതോടെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി ചെങ്കൊടിയാണ് പാറുന്നത്. ഇടതുമുന്നണിയിൽ നിന്ന് മൂന്നാംതവണയും അങ്കത്തിനിറങ്ങുക സിറ്റിംഗ് എം.എൽ.എ ചിറ്റയം ഗോപകുമാർ തന്നെയാകും.

യു.ഡി.എഫിൽ ആര് സ്ഥാനാർത്ഥിയാകും എന്നകാര്യത്തിൽ ചിത്രം തെളിഞ്ഞിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.ജി.കണ്ണന്റെ പേരാണ് കേൾക്കുന്നത്. ഒപ്പം മുൻമന്ത്രി പന്തളം സുധാകരന്റെ സഹോദരൻ പന്തളം പ്രതാപൻ, അടൂർ നഗരസഭയുടെ മുൻ ചെയർമാൻ ബാബു ദിവാകരൻ തുടങ്ങിയ പേരുകളുമുണ്ട്.

മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ അനന്തരവനും കുന്നത്തുനാട് എം.എൽ.എയുമായ വി.പി.സജിന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി. സുധീർ ആയിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി. 25,940 വോട്ടുകൾ അന്ന് സുധീറിന് ലഭിച്ചു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂർ അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയത് ശ്രദ്ധേയമായി. സ്ഥാനാർത്ഥി ആരൊണെന്നത് സംബന്ധിച്ച വ്യക്ത ഇനിയുമായിട്ടില്ല.

പോരാട്ടത്തിന്റെ നാളുകൾ

1967 രാമലിംഗം (സി.പി.എെ) 25804 പി. രാഘവൻ (സ്വത) 12970 ജി.ബി.പിള്ള (കോൺഗ്രസ്) 12384 ഭൂരിപക്ഷം 12834

1970 തെങ്ങമം ബാലകൃഷ്ണൻ (സി.പി.ഐ) 23285 ദാമോദരൻ ഉണ്ണിത്താൻ (സി.പി.എം) 20005 ഭൂരിപക്ഷം 3280

1977 തെന്നല ബാലകൃഷ്ണപിള്ള (കോൺഗ്രസ്) 31214 മാത്യു മുതലാളി (കെ.സി.പി) 23826 ഭൂരിപക്ഷം 7388

1982 തെന്നല ബാലകൃഷ്ണപിള്ള (കോൺഗ്രസ്) 30911 സി.പി. കരുണാകരൻപിള്ള (സി.പി.എം) 29123 ഭൂരിപക്ഷം 1783

1987 ആർ. ഉണ്ണികൃഷ്ണപിള്ള (സി.പി.എം) 37990 തെന്നല ബാലകൃഷ്ണപിള്ള (കോൺഗ്രസ്) 36764 ഭൂരിപക്ഷം 1266

1991 തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 44147 ആർ. ഉണ്ണികൃഷ്ണപിള്ള (സി.പി.എം) 38380 ഭൂരിപക്ഷം 5767

1996 തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 47907 കെ.എൻ. ബാലഗോപാൽ (സി.പി.എം) 38706 ഭൂരിപക്ഷം 9201

2001 തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 53034 പള്ളിക്കൽ പ്രസന്നകുമാർ (ഇടതു സ്വത) 37694 ഭൂരിപക്ഷം 15340

2006 തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 53416 ഡി.കെ. ജോൺ (കേരള കോൺഗ്രസ്) 34952 ഭൂരിപക്ഷം 18464

2011 ചിറ്റയം ഗോപകുമാർ (സി.പി.ഐ) 63501 പന്തളം സുധാകരൻ (കോൺഗ്രസ്) 62894 ഭൂരിപക്ഷം 607

2016 ചിറ്റയം ഗോപകുമാർ (സി.പി.ഐ) 76034 കെ.കെ.ഷാജു (കോൺഗ്രസ്) 50574 ഭൂരിപക്ഷം 25460

2019 ലോക്‌സഭ വീണാ ജോർജ് (സി.പി.എം) 53216 കെ.സുരേന്ദ്രൻ (ബി.ജെ.പി) 51260 ആന്റോ ആന്റണി (കോൺഗ്രസ്) 49280 ഭൂരിപക്ഷം 1956

2020 തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് നില എൽ.ഡി.എഫ് 67158 യു.ഡി.എഫ് 55732 എൻ.ഡി.എ 36895

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം

എൽ.ഡി.എഫ് : അടൂർ നഗരസഭ, ഏറത്ത്, ഏഴംകുളം, കടമ്പനാട്, പള്ളിക്കൽ, കൊടുമൺ, പന്തളം തെക്കേക്കര (പഞ്ചായത്തുകൾ)

യു. ഡി. എഫ് : തുമ്പമൺ പഞ്ചായത്ത്

ബി. ജെ. പി : പന്തളം നഗരസഭ