കോൺഗ്രസിന്റെ കാലം കഴിഞ്ഞെന്ന് സുധാകരൻ തിരിച്ചറിഞ്ഞു: കെ. സുരേന്ദ്രൻ

Wednesday 03 March 2021 12:00 AM IST

തൊടുപുഴ: കോൺഗ്രസിന്റെ കാലം കഴിഞ്ഞെന്ന തിരിച്ചറിവ് കെ. സുധാകരനടക്കമുള്ള നേതാക്കൾക്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാജയപ്പെട്ടാൽ കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഈ തിരിച്ചറിവിൽ നിന്നുണ്ടായതാണ്. മുസ്ലിം ലീഗിന്റെ ആധിപത്യമാണ് യു.ഡി.എഫിൽ നടക്കുന്നത്. കോൺഗ്രസ് നേതാക്കന്മാർ മത്സരിക്കാൻ സ്വന്തം മണ്ഡലം വിട്ട് കൂട്ടപ്പലായനമാണ്. അവിടെല്ലാം മുസ്ലിം ലീഗ് സംവരണ മണ്ഡലമാക്കി വെച്ചിരിക്കുകയാണ്. ലീഗില്ലെങ്കിൽ യു.ഡി.എഫിന്റെ വില വട്ടപ്പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 ശ്രീ എം ചർച്ച ചെയ്തത് കൊലപാതക രാഷ്ട്രീയം
ശ്രീ എമ്മിന്റെ മധ്യസ്ഥ ചർച്ച കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഇതേത് കാലത്ത് നടന്ന ചർച്ചയാണെന്ന് പറയാനുള്ള സത്യസന്ധത കോൺഗ്രസ് നേതാക്കൾ കാണിക്കണം. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായ കാലത്ത് പ്രമുഖ നേതാക്കൾ തമ്മിൽ മുമ്പും മധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടുണ്ട്. ശ്രീ എമ്മിന് ഭൂമി നൽകിയതെന്തിനെന്ന് പിണറായിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.