എൻ.ഡി.എ സീറ്റ് വിഭജന ചർച്ചയിലേക്ക്

Wednesday 03 March 2021 12:02 AM IST

തിരുവനന്തപുരം: ദേശീയ ജനാധിപത്യസഖ്യം (എൻ.ഡി.എ) സീറ്റ് വിഭജന ചർച്ച ഇന്നാരംഭിക്കും. രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമം. ബി.ഡി.ജെ.എസിനെ കൂടാതെ പി.സി.തോമസിന്റെ കേരള കോൺഗ്രസ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ്, സോഷ്യലിസ്റ്ര് ജനതാപാർട്ടി, രാംവിലാസ് പസ്വാന്റെ എൽ.ജെ.പി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള കേരള കാമരാജ് നാഷണൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ഘടക കക്ഷികൾ. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് 36സീറ്രിലും പി.സി.തോമസിന്റെ പാർട്ടി മൂന്ന് സീറ്റിലുമാണ് മത്സരിച്ചത്. മറ്റ് കക്ഷികൾക്ക് സീറ്ര് നൽകിയിരുന്നില്ല. ജെ.എസ്.എസിനും സി.കെ.ജാനുവിനും സീറ്റ് വിട്ടുകൊടുത്തതോടെ 33 സീറ്റിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. ഇത്തവണ ഘടകകക്ഷികൾക്ക് സീറ്റ് കുറയുമെന്നാണ് സൂചന. 31 സീറ്റുകളുടെ പട്ടികയാണ് ബി.ഡി.ജെ.എസ് നൽകിയത്. 110-115 സീറ്റുകളിൽ ബി.ജെ.പി മത്സരിച്ചേക്കും.

. ഘടകകക്ഷികളുടെ സീറ്ര് വ്യക്തമായ ശേഷമേ ബി.ജെ.പി സ്വന്തം സ്ഥാനാർത്ഥികളെ നിശ്ചയിക്കൂ.

ബി.ഡി.ജെ.എസിൽ നിന്ന് വർക്കല ഉൾപ്പെടെ ചില സീറ്റുകൾ തിരിച്ചുവാങ്ങിയേക്കും. വർക്കല വേണമെന്ന് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോവളം സീറ്ര് കെ.കെ.എൻ.സിയും ആവശ്യപ്പെട്ടു. വിഷ്ണുപുരം ചന്ദ്രശേഖരൻ അവിടെ മത്സരിച്ചേക്കും. നാടാർ വിഭാഗത്തിന് സ്വാധീനമുള്ള സ്ഥലമാണിത്. കുട്ടനാട് മത്സരിക്കാൻ ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദമുണ്ട്. നേതാവായ പ്ദമകുമാറിനായി കോന്നി ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ പദ്മകുമാർ റാന്നിയിൽ മത്സരിക്കും. കണ്ണൂരിലെ പേരാവൂരിൽ പൈലി തുടരും. കൊടുങ്ങല്ലൂർ ബി.ജെ.പി ഏറ്രെടുത്താൽ സംഗീത വിശ്വനാഥ് ഒല്ലൂരിൽ മത്സരിച്ചേക്കും. ബി.ഡി.ജെ.എസ് നേതാവ് അനുരാഗിന് പാലക്കാട് ജില്ലയിൽ സീറ്റ് നൽകും. പുനലൂർ ബി.ഡി.ജെ.എസിന് നൽകിയേക്കും.