കോഴിക്കോട് നോർത്തിൽ മത്സരിക്കാനില്ലെന്ന് സംവിധായകൻ രഞ്ജിത്, താത്പര്യമില്ലെന്ന് സി പി എമ്മിനെ അറിയിച്ചു

Wednesday 03 March 2021 12:01 PM IST

കോഴിക്കോട്: കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത് മത്സരിക്കില്ല. മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം സി പി എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എ പ്രദീപ് മത്സരിക്കുന്നതാണ് നല്ലതെന്നും, അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

എ പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ സിറ്റിംഗ് എം എൽ എ. മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സി പി എം തീരുമാനിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി കോഴിക്കോട് നഗരത്തിൽ തന്നെയാണ് രഞ്ജിത്ത് താമസിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും, ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തുമൊക്കെ കോഴിക്കോട് നഗരത്തിൽ എൽ ഡി എഫിന്റെ വേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു രഞ്ജിത്ത്. മത്സരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം സി പി എം നേതൃത്വത്തെ അറിയിച്ചതായിട്ടുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.