അങ്കമാലിയിലെ അങ്കത്തട്ട്

Thursday 04 March 2021 12:21 AM IST

കാലടി: അങ്കമാലിയിലെ അങ്കത്തട്ടിൽ ആരൊക്കെ പോരിനിറങ്ങുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.

റോജി.എം.ജോൺ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാക്കി അണികൾ മതിലെഴുത്തു തുടങ്ങി.

തിളക്കമാർന്ന പ്രവർത്തനവും, യുവത്വവും സ്ത്രീ വോട്ടർമാരെയും യുവാക്കളെയും റോജിയിലേക്ക് അടുപ്പിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. വിദ്യാഭ്യാസ-സാംസ്ക്കാരിക രംഗത്ത് പ്രദേശിക ഫണ്ട് ചെലവഴിച്ചും, ബി.എം.ബി.സി റോഡുകൾ നിർമ്മിച്ചുമാണ് റോജി രണ്ടാമങ്കത്തിന് കച്ചമുറുക്കുന്നത്.

അങ്കമാലി മുൻസിപ്പാലിറ്റിയടക്കം ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ അയ്യമ്പുഴ, മഞ്ഞപ്ര ഒഴികെ എല്ലാം യു ഡി.എഫ് ഭരണത്തിലാണ്. 2016ൽ അങ്കമാലി മുൻസിപ്പാലിറ്റിയും, നാലു പഞ്ചായത്തും എൽ.ഡി.എഫ് ഭരണത്തിലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തരംഗമുണ്ടായിട്ടും ഗ്രാമപഞ്ചായത്തുകളിൽ ഭരണം സ്ഥാപിക്കാനായത് എം.എൽ.എയുടെ നേട്ടമായി വിലയിരുത്തുന്നു. അതേസമയം, അങ്കമാലി, കാലടി ബൈപാസുകൾക്കായുള്ള നടപടികൾ തുടങ്ങാത്തത് ആരോപണമായി എത്തുമെന്നും യുഡിഎഫിന് ഉറപ്പുണ്ട്.

2006 ലെയും, 2011 ലെയും തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുവേണ്ടി ജനതാദൾ (എസ്) സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത് ജോസ് തെറ്റയിലാണ്. കുടുംബ വോട്ടുകളും, പ്രദേശിക രാഷ്ട്രീയ പ്രവർത്തനവും , ജനകീയ വികസന പ്രവർത്തനങ്ങളും ,എം.എൽ.എ ഫണ്ട് വിനിയോഗത്തിലെ സുതാര്യ സമീപനവുമാണ് തെറ്റയിലിന്റെ ഉൾക്കരുത്ത്. കാലടിയിലും,അങ്കമാലിയിലും, തലയെടുപ്പുള്ള മിനി സിവിൽ സ്റ്റേഷനുകൾ ജനകീയ പിന്തുണ വീണ്ടും വർദ്ധിപ്പിച്ചേക്കാം. പുതിയ പദ്ധതികളും, മുടങ്ങി കിടന്ന ഇടമലയാർ കനാൽ തുറന്ന് കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കിയതും ജോസ് തെറ്റയിലിനെ വീണ്ടും അങ്കമാലിയുടെ അങ്കത്തട്ടിലേക്ക് ആകർഷിക്കും.