വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമില്ല; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പിന്മാറി വേണു രാജാമണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നെതർലാൻഡ് മുൻ അംബാസിഡർ വേണു രാജാമണി. വേണു രാജാമണി മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതോടെ പൊതുസമ്മതന് പകരം കോൺഗ്രസ് നേതാവ് തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പായി.
വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചിരുന്നു. താത്പര്യമില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്ന് വേണു രാജാമണി മാദ്ധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കാൻ കോൺഗ്രസ് അവസരം നൽകിയാൽ അതൊരു അംഗീകാരമായി കാണുമെന്നായിരുന്നു വേണു രാജാമണി നേരത്തെ പ്രതികരിച്ചിരുന്നത്.
തിരുവനന്തപുരത്തെ മറ്റ് സീറ്റുകളിൽ ഏതെങ്കിലും മത്സരിക്കാൻ സാദ്ധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറ്റ് സീറ്റുകളിൽ അങ്ങനെയൊരു നിർദേശം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ മികച്ച സ്ഥാനാർത്ഥിക്കായുളള കോൺഗ്രസിന്റെ അന്വേഷണമാണ് വേണു രാജാമണിയിലെത്തിയത്. ആർ വി രാജേഷ്, ജ്യോതി വിജയകുമാർ തുടങ്ങിയവരാണ് തിരഞ്ഞെടുപ്പിൽ കെ പി സി സി പരിഗണിക്കുന്ന മറ്റ് പേരുകൾ.