'ഉറപ്പാണ് എൽഡിഎഫ്'....'നാട് നന്നാകാൻ യുഡിഎഫ്'; രണ്ടും കൊള്ളാം, പക്ഷെ ഏറ്റവും മികച്ച മുദ്രാവാക്യം ഏത്?

Thursday 04 March 2021 11:27 PM IST

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളുടെ മനസിലേക്ക് പെട്ടെന്ന് കയറിപ്പറ്റാനുള്ള പ്രധാന പ്രചരണോപകരണമാണ് മുദ്രാവാക്യങ്ങൾ. അത് എന്തെങ്കിലുമൊന്ന് ആയാലും പോരാ. വളരെപ്പെട്ടെന്ന് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള, 'ഇത് കൊള്ളാമല്ലോ' എന്ന് തോന്നിക്കത്തക്കവണ്ണമുള്ളത് തന്നെയാകണം. മൂന്ന് മുന്നണികളിൽ യുഡിഎഫും എൽഡിഫുമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തങ്ങളുടെ മുദ്രാവാക്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

'ഉറപ്പാണ് എൽഡിഎഫ് എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. വലതുപക്ഷ മുന്നണിയുടേതാകട്ടെ 'നാട് നന്നാകാൻ യുഡിഎഫ്' എന്നതും. എൽഡിഎഫിന്റെ മുദ്രാവാക്യം നേരത്തെ ഇറങ്ങിയതിനാൽ സോഷ്യൽ മീഡിയയിലും മറ്റുമായി അത് കാര്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും രണ്ടും തരക്കേടില്ലാത്തതും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതുമായ മുദ്രാവാക്യങ്ങളാണ്. എന്നാലും കൂടുതൽ നല്ല പ്രചരണ വാചകം ഏതാണ്?

'ഉറപ്പാണ് എൽഡിഎഫ്'

ആദ്യ കാഴ്ചയിൽ, തുടർഭരണം നേടുമെന്നുള്ള ഇടതുമുന്നണിയുടെ ആത്മവിശ്വാസം എടുത്തുകാട്ടുന്നതാണ് 'ഉറപ്പാണ് എൽഡിഎഫ്' എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. 'വീണ്ടും എൽഡിഎഫ് തന്നെ വരും' എന്നാണ് ഈ മുദ്രാവാക്യം വിളിച്ചുപറയുന്നത്. പക്ഷെ അത് ഒറ്റനോട്ടത്തിൽ മാത്രം. 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന പ്രതീക്ഷ നൽകുന്ന, വളരെ നേരിട്ടുള്ള ഒരു മുദ്രാവാക്യം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ കാര്യമായി സഹായിച്ചിരുന്നു എന്ന കാര്യം നമുക്കറിയാം. ചിലപ്പോഴൊക്കെ ട്രോളുകൾക്ക് വിഷയമായെങ്കിലും ജനങ്ങൾക്കിടയിൽ ഈ മുദ്രാവാക്യം വൻ തോതിൽ ചർച്ചയായി മാറിയിരുന്നു.

എന്നാൽ ഇത്തവണത്തെ എൽഡിഎഫ് മുദ്രാവാക്യം വിവിധ അടരുകളുള്ള(layers) ഒന്നാണ്. 'നമ്മൾ തന്നെ വരും' എന്ന് മുന്നണി പറയുമ്പോൾ അവരുടെ ആത്മവിശ്വാസം എന്നത് ജനങ്ങൾ ചിലപ്പോൾ ധാർഷ്ട്യമായും വായിച്ചേക്കാം എന്നതും കാണേണ്ടതുണ്ട്. അത് ചിലപ്പോൾ ഇടതിന് ദോഷമായി മാറിയേക്കാനും വഴിയുണ്ട്. അതേസമയം, എൽഡിഎഫിന്റെ കാര്യത്തിൽ എല്ലാവും ഉറപ്പാണ് എന്നൊരു അർത്ഥവും മുദ്രാവാക്യത്തിനുണ്ട്.

കിറ്റ്, പെൻഷൻ, ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ എൽഡിഎഫ് ഭരണത്തിലുള്ളപ്പോൾ ഉറപ്പാണ് എന്നുകൂടിയാണ് മുദ്രാവാക്യത്തിലൂടെ ഇടതുമുന്നണി പറയുന്നത്. 'എല്ലാം ശരിയാവും' എന്ന മുമ്പത്തെ മുദ്രാവാക്യം പോലെ ഇടതിന്റെ ഇപ്പോഴത്തെ മുദ്രാവാക്യവും ജനങ്ങൾ ചർച്ചചെയ്തു തുടങ്ങിയിട്ടുള്ളതായും കാണുന്നുണ്ട്. അന്നത്തെ പോലെ ഇത്തവണയും എൽഡിഎഫിന്റെ മുദ്രാവാക്യം ട്രോളുകൾക്ക് വിഷയമാകുന്നതും കാണാം. ട്രോളുകൾക്കും പിന്നിൽ നല്ല ഉദ്ദേശങ്ങളല്ല ഉള്ളതെങ്കിലും അവ എൽഡിഎഫിന് ഗുണമായി തന്നെ വരാനാണ് സാദ്ധ്യത.

'നാട് നന്നാകാൻ യുഡിഎഫ്'

മൊത്തത്തിൽ ഒരു നല്ല പോസിറ്റീവ് സന്ദേശമാണ് യുഡിഎഫിന്റെ മുദ്രാവാക്യം ജനങ്ങൾക്ക് നൽകുന്നത്. തങ്ങൾ ഭരണത്തിൽ വന്നാൽ നാട് നന്നാകും എന്നത് തീർച്ചയായും ഒരു നല്ല സന്ദേശം തന്നെ. അത് ജനങ്ങൾക്ക് ഇഷ്ടമാകുന്ന തരത്തില്ലതാണെന്നതും 'നാട് നന്നാകാൻ' മുദ്രാവാക്യത്തിന്റെ ശക്തിയാണ്. എന്നാൽ തങ്ങളുടെ മുൻ മന്ത്രിക്കെതിരെയും ഇപ്പോഴത്തെ എംഎൽഎയ്ക്കെതിരെയും അഴിമതി കേസുകൾ നിലനിൽക്കുന്ന വേളയിൽ ജനങ്ങൾക്ക് യുഡിഎഫിന്റെ ഈ മുദ്രാവാക്യം എത്രത്തോളം വിശ്വസിക്കാൻ കഴിയും എന്നതും വിഷയമാണ്.

മാത്രമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്ന മുദ്രാവാക്യം പോലെ തന്നെ ജനങ്ങളുടെ മനസ്സിൽ ഒരു ഇമ്പാക്ട് സൃഷ്ടിക്കുന്നതല്ല ഇത്തവണത്തെ ഈ മുദ്രാവാക്യവും. ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ പോസിറ്റീവായ സന്ദേശം മാത്രം പോര. അതിൽ മുന്നണിയുടെ ആത്മവിശ്വാസവും ഉള്ളടങ്ങിയിരിക്കണം.

'ഉറപ്പാണ് എൽഡിഎഫ്' എന്ന മുദ്രാവാക്യം ഇടതുമുന്നണി പ്രചരിപ്പിക്കുന്നത് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കൂടി അതോടൊപ്പം ചേർത്തുകൊണ്ടാണ്. ഇതിലൂടെ തങ്ങൾക്ക് ശക്തനായ ഒരു ഐക്കൺ ഉണ്ട് എന്ന പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം. എന്നാൽ ചെന്നിത്തല മുന്നിൽ നിൽപ്പുണ്ടെങ്കിലും, യുഡിഎഫിന് അത്തരത്തിൽ ഒരാളെ പ്രൊജെക്ട് ചെയ്യാൻ സാധിക്കാത്തത് ജനങ്ങൾക്ക് ഒരു പോരായ്മയായി തോന്നിയേക്കാം. യുഡിഎഫ് മുദ്രാവാക്യം കൂടുതൽ ലളിതമായിപ്പോയി എന്നതും ഒരു കുറവ് തന്നെയാണ്.