താത്കാലികക്കാരെ സ്ഥിരപ്പെടുത്തൽ തടഞ്ഞത് സർക്കാരിന്റെ മുഖത്തേറ്റ അടി: ചെന്നിത്തല
തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കൽകൂടി വെളിപ്പെടുകയാണ്. പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലിടം നേടിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ വഴിയാധാരമാക്കിയാണ് സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്കും മക്കൾക്കുമെല്ലാം പിൻവാതിലിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നൽകിയതും സ്ഥിരപ്പെടുത്തിയതും. ഉമാദേവിക്കേസിലുണ്ടായ സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനം കുടിയായിരുന്നു ഇത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയ, വ്യക്തി പരിഗണനകൾ വച്ച് നൂറുകണക്കിന് പേർക്കാണ് സർക്കാർനിയമനം നൽകിയത്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് താത്കാലികമായി നിയമിച്ചവരെയാണ് ജോലിയിൽ 10 വർഷം തികഞ്ഞവരെന്ന് പറഞ്ഞ് ഈ സർക്കാർ അനധികൃതമായി സ്ഥിരപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് പടിക്കൽ കണ്ണീരും കൈയുമായി സമരം ചെയ്ത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെ ഉദ്യേഗാർത്ഥികളെ അവഹേളിക്കുകയും അപമാനിക്കുകയുമായിരുന്നു സർക്കാർ. സെക്രട്ടേറിയറ്റിനു മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം പ്രതിപക്ഷ ഗൂഢാലോചനയാണെന്നുവരെ സർക്കാർ പറഞ്ഞു. പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പർ സി.പി.എം പ്രവർത്തകർക്കും അനുഭാവികൾക്കും ചോർന്നുകിട്ടിയ സാഹചര്യവും ഉണ്ടായെന്നും ചെന്നിത്തല പറഞ്ഞു.