അന്തർ സംസ്ഥാന കഞ്ചാവ് കടത്ത്; രണ്ട് പേർ കൂടി പിടിയിൽ

Saturday 06 March 2021 12:37 AM IST
അൻസാർ മുഹമ്മദ്

ആലുവ: ആന്ധ്രാപ്രദേശിലെ നക്‌സൽ ബാധിത പ്രദേശത്തു നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ രണ്ട്‌ പേരെ കൂടി പിടികൂടി. തൊടുപുഴ പെരുമ്പിള്ളിച്ചിറ പാലക്കുഴയിൽ അൻസാർ മുഹമ്മദ് (23), ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത് തടത്തിൽ രാജേഷ് (44) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയായ പാലക്കാട് ചോക്കാട് സ്വദേശി ഷറഫുദ്ദീൻ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൻസാറും രാജേഷും അറസ്റ്റിലായത്. രാജേഷ് ദീർഘനാളായി വിശാഖപട്ടണത്ത് കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. ആന്ധ്രപ്രദേശിൽ പൊലീസ് കേസുള്ളതിനാൽ തിരികെ കേരളത്തിൽ എത്തി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്നതിന്റെ പ്രധാന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്നും കൊണ്ടു വരുന്ന കഞ്ചാവ് തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ വിതരണം നടത്തുന്നതിൽ പ്രധാനിയായിരുന്നു. കഴിഞ്ഞ നവംബറിൽ റൂറൽ പൊലീസ് 150 കിലോ കഞ്ചാവ് പിടികൂടുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ആലുവ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി കെ. അശ്വകുമാറാണ് കേസ് അന്വേഷിക്കുന്നത്. സബ് ഇന്‌സ്‌പെസക്ടർ ടി.എം. സൂഫി, ജില്ലാ ഡാൻസാഫ് അംഗങ്ങളായ പി.എം. ഷാജി, കെ.വി. നിസാർ, ടി. ശ്യാംകുമാർ , വി.എസ്. രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.