അന്താരാഷ്ട്ര കള്ളക്കടത്തിന് ഒത്താശ: പിണറായി രാജി വയ്ക്കണം- കെ. സുരേന്ദ്രൻ
അഞ്ചൽ: അന്താരാഷ്ട്ര ഡോളർ കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വിജയ യാത്രയ്ക്ക് അഞ്ചലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോളർ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും വ്യക്തമായ പങ്കുള്ളതായി കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകാൻ സത്യവാങ്മൂലം തയ്യാറാക്കിയത്.
. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി വ്യക്തമാക്കിയപ്പോൾ അതിനെ പരിഹസിച്ചവർ ഇപ്പോൾ എന്തുപറയുന്നു. അഴിമതിപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തുകയാണുണ്ടായത്.അഴിമതിക്കെതിരെ അന്വേഷണം വരുമ്പോൾ അന്വേഷണ ഏജൻസികളെ തെരുവിൽ നേരിടുമെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. കള്ളക്കടത്തുകാരി എന്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്നതിന്റെ . അന്വേഷണ റിപ്പോർട്ട് ഇതുവരെ കിട്ടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു..
ബി.ജെ.പി കോർ കമ്മിറ്റിയിൽ പ്രാഥമിക പട്ടിക
കൊല്ലം: ചാത്തന്നൂരിൽ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം നിയമസഭാ സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക പരിശോധിച്ചു. സംസ്ഥാന കമ്മിറ്റി പരിശോധിച്ചശേഷം പട്ടിക കേന്ദ്ര കമ്മിറ്റിക്ക് സമർപ്പിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം ഡൽഹിയിലായിരിക്കും. കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി, വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എം. ഗണേശ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, എം.ടി. രമേശ്, അഡ്വ. പി.സുധീർ എന്നിവർ പങ്കെടുത്തു.