ക്രൂഡോയിൽ ഉത്‌പാദനം: ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാതെ ഒപെക്

Saturday 06 March 2021 3:04 AM IST

ന്യൂഡൽഹി: ക്രൂഡോയിൽ ഉത്‌പാദനത്തിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ നയിക്കുന്ന ഒപെക് രാഷ്‌ട്രങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള 'ഒപെക് പ്ളസ്" കൂട്ടായ്‌മയും തള്ളി. ആഗോളതലത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അയഞ്ഞതോടെ, ക്രൂഡോയിൽ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്‌പാദനം വെട്ടിക്കുറച്ച് വില ഉയർത്താൻ ഒപെക്കും ഒപെക് പ്ളസും ശ്രമിക്കുന്നത്.

ലോക്ക്ഡൗണിൽ ക്രൂഡോയിൽ വില ബാരലിന് 20 ഡോളറിന് താഴെ എത്തിയപ്പോൾ ഇന്ത്യ, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുത്തനെ കൂട്ടിയിരുന്നു. പിന്നീട് ക്രൂഡോയിൽ വിലയും അതിന്റെ ചുവടുപിടിച്ച് പെട്രോൾ, ഡീസൽ വിലയും വൻതോതിൽ ഉയർന്നെങ്കിലും എക്‌സൈസ് നികുതി കേന്ദ്രസർക്കാർ‌ കുറച്ചില്ല. ക്രൂഡോയിൽ വിലവർദ്ധനയാണ് ആഭ്യന്തര ഇന്ധനവിലക്കയറ്റത്തിന് കാരണമെന്നും ക്രൂഡ് വില കുറയുമ്പോൾ ആഭ്യന്തരവിലയും കുറയുമെന്നുമാണ് കേന്ദ്രം പറഞ്ഞത്.

ഒപെക് മന്ത്രിമാരുടെ സമ്മേളനത്തിനിടെയാണ് ഉത്‌പാദന നിയന്ത്രണത്തിൽ ഇളവ് വേണമെന്ന് ഇന്ത്യയുടെ പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഇളവ് സാദ്ധ്യമല്ലെന്നും ലോക്ക്ഡൗണിൽ കുറഞ്ഞവിലയ്ക്ക് ഇന്ത്യ വൻതോതിൽ വാങ്ങി സൂക്ഷിച്ചിട്ടുള്ള ക്രൂഡോയിൽ ഇപ്പോൾ ഉപയോഗിക്കാമല്ലോയെന്നും സൗദി അറേബ്യ മറുപടി നൽകി.

വാങ്ങിയത് 19 ഡോളറിന്

ലോക്ക്ഡൗണിൽ (ഏപ്രിൽ-മേയ്) ബാരലിന് 19 ഡോളർ നിരക്കിൽ ഇന്ത്യ 16.71 മില്യൺ ബാരൽ ക്രൂഡോയിൽ വാങ്ങി സംഭരിച്ചിരുന്നു. ഇപ്പോൾ ബാരലിന് വില 60-65 ഡോളറാണ്. കുറഞ്ഞവിലയ്ക്ക് വാങ്ങിയ ക്രൂഡോയിൽ ആഭ്യന്തരവില കുറയ്ക്കാനായി, ഇന്ത്യയ്ക്ക് ഉപയോഗിക്കാമല്ലോ എന്നാണ് സൗദി ഊർജ മന്ത്രി അബ്‌ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത്.