മപ്പാട്ടുകരയിൽ പാലത്തിനുള്ള കാത്തിരിപ്പ് നീളുന്നു
താൽക്കാലിക പാലം നിർമ്മിച്ച് നാട്ടുകാർ
ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകര കടവിനെയും ഏലംകുളം പഞ്ചായത്തിലെ എളാടിനെയും ബന്ധിപ്പിച്ച് തൂതപ്പുഴയ്ക്ക് കുറുകെ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുഴയുടെ ഇരുകരകളിലും റോഡ് സൗകര്യമുണ്ടെങ്കിലും പാലമില്ലാത്തതു കാരണം വലിയ ദുരിതമാണ് ഇവിടെയുള്ളവർ നേരിടുന്നത്. മുമ്പ് പുഴകടക്കാൻ കടത്തു തോണി ഉണ്ടായിരുന്നെങ്കിലും ഇത് നിലച്ചിട്ട് വർഷങ്ങളായി. പുഴയിലിറങ്ങി നടന്നുവേണം ആളുകൾക്ക് ഇപ്പോൾ ഇരുകരകളിലുമെത്താൻ. മഴക്കാലമായാൽ ഇതിനും പറ്റില്ല.
വേനലായതോടെ പുഴ മുറിച്ചുകടക്കാൻ ഇപ്പോൾ സ്വന്തം ചെലവിൽ താൽക്കാലിക പാലം നിർമ്മിച്ചിരിക്കുകയാണ് നാട്ടുകാർ. ഇരുമ്പുപൈപ്പുകളും ഷീറ്റും ഉപയോഗിച്ചാണ് കാൽനടയായി പുഴ മുറിച്ചുകടക്കാവുന്ന വിധം പാലം പണിതത്. 92,000 രൂപ ഇതിന് ചിലവുവന്നു. എന്നാൽ ഇത് ശാശ്വതമല്ലെന്നിരിക്കെ ഇവിടെ പാലം നിർമ്മിക്കാൻ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരിശോധന നടത്തി; അനുമതി ലഭിച്ചില്ല
മുമ്പ് ഇവിടെ പാലം നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി മണ്ണുപരിശോധനയും മറ്റും നടത്തിയിരുന്നു. പാലം നിർമ്മാണത്തിന് 14 കോടിയുടെ ഭരണാനുമതി ലഭിച്ചു. എന്നാൽ നബാർഡിന് സമർപ്പിച്ച പദ്ധതിക്ക് സാമ്പത്തികാനുമതി ലഭിക്കാത്തതിനാൽ അത് നടന്നില്ല. ഇവിടെ പാലം വന്നാൽ ഏറ്റവും ഗുണം ചെയ്യുക കുലുക്കല്ലൂർ പഞ്ചായത്തുകാർക്കാണ്.
ആശുപത്രി ആവശ്യങ്ങൾക്കുൾപ്പെടെ പെരിന്തൽമണ്ണ ഭാഗത്തെത്താൻ ചുറ്റിവളഞ്ഞുപോകേണ്ട അവസ്ഥയിൽ 30 കി.മീ ലാഭിക്കാനാവും. ഇരുഭാഗങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും പാലം വന്നാൽ വലിയ അനുഗ്രഹമാകും. ഇരു പ്രദേശങ്ങളുടെയും വികസനത്തിനും ഇത് സഹായകമാകും. 2020- 21 ബഡ്ജറ്റിൽ പാലത്തിന് ടോക്കൺ അനുമതി ലഭിച്ചിട്ടുണ്ട്.