അട്ടത്തോടിനെ അറിയാൻ മീനാക്ഷി ലേഖി
പത്തനംതിട്ട: ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന അട്ടത്തോട് ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യവും കഷ്ടതകളും പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മീനാക്ഷി ലേഖി എം.പി പറഞ്ഞു. അട്ടത്തോട്ടിൽ ആദിവാസി ജനവിഭാഗം നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.ശബരിമല ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .എന്നാൽ സുപ്രീം കോടതി വിധിക്ക് ശേഷം അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് പഠിക്കാനും അത് പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം എത്ര കണ്ട് വലുതാണെന്ന് ആവലാതികൾ കേട്ടപ്പോൾ ബോധ്യപ്പെട്ടുവെന്നും മീനാക്ഷി ലേഖി പറഞ്ഞു. പരമ്പരാഗത രീതിയിൽ ഒരുക്കിയ സ്വീകരണം പത്തനംതിട്ട സാന്ദാനന്ദമഠം ഋഷിജ്ഞാന സാധനാലയം മഠാധിപതി സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ വി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാരവർമ്മ ,സെക്രട്ടറി പി.എൻ.നാരായണവർമ്മ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു പ്രമോദ് , അനോജ് കുമാർ, പ്രസാദ് കുഴിക്കാല , പ്രിഥിപാൽ ,നാരായണൻ , സഞ്ജു , സുജൻ, സന്തോഷ് മടക്കോലി,സജില തുടങ്ങിയവർ സംസാരിച്ചു അട്ടത്തോട് ഗ്രാമത്തിൽ കോളനി സ്ഥാപിച്ച മുട്ടുകാണി പെരുമാൾ അയ്യപ്പനെ പൊന്നാട അണിയിച്ച് ആദരിച്ചു. വനവിഭവങ്ങളും അയ്യപ്പന്റെ ചിത്രവും നൽകിയാണ് മീനാക്ഷിലേഖിയെ യാത്രയാക്കിയത്.