ബി.ജെ.പി റാലി ഇന്ന്: അമിത്ഷാ ഉദ്ഘാടനം ചെയ്യും

Sunday 07 March 2021 12:22 AM IST

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്രയുടെ സമാപനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30ന് ശംഖുംമുഖത്ത് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുമ്പ് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും തുടർന്ന് ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

യാത്രയുടെ സമാപനത്തിന്റെ ഭാഗമായി പ്രകടനങ്ങളുണ്ടാവില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി. മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും ബി.ജെ.പിക്ക് കൂടുതൽ സാദ്ധ്യതകളുള്ള തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയായി സമ്മേളനം മാറും.