വോട്ടിടാൻ എം 3 മെഷീൻ, തകരാർ സ്വയം കണ്ടെത്തും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് പുതിയ സാങ്കേതിക വിദ്യയുള്ള എം 3 വോട്ടിംഗ് മെഷീനുകൾ. യന്ത്ര തകരാർ സ്വയം കണ്ടെത്താൻ സാധിക്കുമെന്നതാണ് എം 3 മെഷീനിന്റെ പ്രത്യേകത. ബാറ്ററി നില മെഷീനിൽ ഡിസ്‌പ്ലേ ചെയ്യുന്നതുവഴി പ്രിസൈഡിംഗ് ഓഫീസർക്ക് ചാർജിംഗ് നില അറിയാനും പെട്ടെന്നുതന്നെ തകരാറുകൾ പരിഹരിക്കാനും കഴിയും.
എം 3 മെഷീനുകളിൽ ബാറ്ററിയുടെ ഭാഗവും കാൻഡിഡേറ്റ് സെറ്റ് കമ്പാർട്ട്‌മെന്റും പ്രത്യേകമാണ് ക്രമീകരിച്ചിരിക്കുന്നത്. ബാറ്ററി തകരാറിലായാൽ മെഷീൻ പൂർണമായി മാറ്റേണ്ടി വരില്ല. പകരം ബാറ്ററിയുടെ ഭാഗം തുറന്ന് പുതിയത് സ്ഥാപിക്കാം. യന്ത്രതകരാർ മൂലം ബൂത്തുകളിൽ ഉണ്ടാകുന്ന സമയം നഷ്ടം പരിഹരിക്കാൻ ഇതിലൂടെ കഴിയും. കനം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമാണ് എം 3 മെഷീനുകൾ.
കൂടാതെ പോളിംഗിൽ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനാകും. മെഷീനിൽ ഒരേസമയം നോട്ടയുൾപ്പെടെ 384 സ്ഥാനാർത്ഥികളുടെ പേരും ചേർക്കാം. നേരത്തെ ഉപയോഗിച്ചിരുന്ന എം 2 മെഷീനുകളിൽ 64 സ്ഥാനാർത്ഥികളുടെ പേരുകളേ ഉൾപ്പെടുത്താൻ കഴിയൂ.
പോസ്റ്റൽ വോട്ട് അപേക്ഷകൾ 17 വരെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന് ആഗ്രഹിക്കുന്നവർ 12ഡി ഫോമിൽ 17 നകം അപേക്ഷ നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
ഇതിനായി ബൂത്ത് ലെവൽ ഓഫീസർമാരിൽനിന്നു ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് നൽകി രസീത് കൈപ്പറ്റണം. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കൊവിഡ് പോസിറ്റീവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗരായ വോട്ടർമാർ എന്നിവർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ള 16 വകുപ്പുകളിലെ ജീവനക്കാർക്കുമാണ് പോസ്റ്റൽ വോട്ട് അനുവദിക്കുന്നത്.