വനംവകുപ്പിന്റെ 'വാവ സുരേഷുമാർ' 850!

Sunday 07 March 2021 12:54 AM IST

കോട്ടയം: വനംവകുപ്പ് പരിശീലനം നൽകി വളർത്തിയെടുത്ത 'വാവ സുരേഷുമാർ' മൂന്ന് മാസത്തിനുള്ളിൽ 496 പാമ്പുകളുടെ രക്ഷകരായി. ഒപ്പം, അത്രയും മനുഷ്യജീവനുകളുടെയും. 850 പാമ്പുപിടിത്തക്കാരാണ് വനംവകുപ്പിന്റെ അംഗീകാരത്തോടെ രംഗത്തുള്ളത്. ഇവർക്ക് ലൈസൻസും നൽകിയിട്ടുണ്ട്.അഞ്ചു വർഷത്തേക്കാണ് ഈ സർട്ടിഫിക്കറ്റ്. സുരക്ഷാ ഉപകരണങ്ങൾ അടങ്ങിയ കിറ്റും നൽകിയിട്ടുണ്ട്. പാമ്പുകളുടെ സവിശേഷതകളും ഇനങ്ങളും ഇവരെ പഠിപ്പിച്ചിട്ടുണ്ട്.

ദൗത്യത്തിൽ ഇവർ ഒറ്റയ്ക്കല്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും വോളണ്ടിയർമാരും സംഘത്തിലുണ്ട്.

ഓൺലൈനായി സർപ്പ എന്ന ആപ്ളിക്കേഷനിലൂടെയാണ് ബന്ധപ്പെടേണ്ടത്. ഇന്നലെവരെ 5066 പേർ സേവനം തേടി. മിക്കിടത്തും സംഘം എത്തിയെങ്കിലും പലിടത്തും വിഷമില്ലാത്ത പാമ്പുകളായിരുന്നു. അവയെ പിടിക്കില്ല. ചില പാമ്പുകൾ തിരിച്ചു പോവുകയും ചെയ്തിരുന്നു.

 സഹായിക്കാൻ സർപ്പ

വിഷപ്പാമ്പുകളെത്തിയാൽ വിവരമറിയിച്ച് പാമ്പിനെ പ്രദേശത്ത് നിന്നു മാറ്റാനുള്ള സംവിധാനമാണ് സർപ്പ (snake awareness rescue protection application) എന്ന ആപ്ളിക്കേഷൻ. പ്ളേ സ്റ്റോറിൽ നിന്ന് ഡൗൺഡോഡ് ചെയ്യാം. പാമ്പിനെ കണ്ടാൽ പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രങ്ങളെടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്താൽ 25 കിലോമീറ്റർ ചുറ്റളവിൽ സർട്ടിഫിക്കറ്റ് ലഭിച്ച റെസ്‌ക്യൂ ടീം സ്ഥലത്തെത്തും. പാമ്പുകടിയേറ്റവർക്ക് ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ വിവരങ്ങളും ആപ്പിലുണ്ട്.

 പാമ്പിനെ പറ്റിച്ച് ബാഗിലാക്കും

ബാഗ് ആൻഡ് പൈപ്പ് എന്ന ശാസ്ത്രീയ രീതിയിലാണ് പാമ്പുപിടിത്തം. സ്ഥലത്ത് പൈപ്പും ബാഗും സ്ഥാപിച്ചാൽ മാളമെന്ന് കരുതി പൈപ്പിലൂടെ കയറുന്ന പാമ്പ് ബാഗിലെത്തും.കൈകൊണ്ടു തൊടാതെ സഞ്ചിയിലാക്കാം. പിന്നീട് സുരക്ഷിതമായ സ്ഥലത്തു തുറന്നു വിടും.

 പാമ്പുപിടുത്തക്കാർ: 850

 ഉദ്യോഗസ്ഥർ: 320

 വോളണ്ടിയർ: 530

'ചൂട് കൂടിയതോടെ റെസ്ക്യൂ ടീം സജീവമാണ്. വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കാനും നിർദ്ദേശമുണ്ട്".

- ഡോ. ജി പ്രസാദ്,​

അസി.ഫോറസ്റ്റ് കൺസർവേറ്റർ