ഈഴവരെ സ്ഥാനാർത്ഥികളാക്കാതിരിക്കാൻ പാർട്ടികൾ മത്സരിക്കുന്നു: വെള്ളാപ്പള്ളി

Sunday 07 March 2021 12:04 AM IST

ആലപ്പുഴ: രാഷ്‌ട്രീയ പാർട്ടികൾ ഈഴവരെ സ്ഥാനാർത്ഥികളാക്കാതിരിക്കാൻ മത്സരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച, സംഘടനകൊണ്ട് ശക്തരാവുകയെന്ന ഗുരുസന്ദേശ പ്രചാരണ സമ്മേളനം കലവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിളർന്ന് മാറിയ പത്തിലധികം കേരള കോൺഗ്രസുകളെയും ഒപ്പം കൂട്ടാൻ ഇടതു -വലത് മുന്നണികൾക്ക് ഒരു മടിയുമില്ല. കാരണം ക്രൈസ്തവരും ബിഷപ്പുമാരുമാണ് അവരെ നിയന്ത്രിക്കുന്നത്. മതേതരത്വം പറയുന്ന മുസ്ളിം ലീഗ് ഒരു ഇൗഴവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തയ്യാറുണ്ടോ. ജനാധിപത്യത്തിൽ വികസനം ചീങ്കണ്ണിയെ പോലെയാകരുത്. ഉത്തമനായ മനുഷ്യന്റെ പ്രതിരൂപമാണ് വേണ്ടത്. ചില ഭാഗം മാത്രം വീർത്തതുകൊണ്ട് കാര്യമില്ല. വികസനം വടക്കോട്ടും കിഴക്കോട്ടും മാത്രമാകരുത്. ചില വകുപ്പുകൾ പ്രത്യേക സമുദായക്കാരുടെ മാത്രം കുത്തകയായി. നമ്മൾ ആദർശം പറഞ്ഞു നടക്കുമ്പോൾ മറ്റുള്ളവർ അധികാരം നേടിയെടുക്കുന്നത് തിരിച്ചറിയണം. അധികാരത്തിൽ പങ്കാളിത്തം ലഭിച്ചാൽ മാത്രമേ അധഃകൃതനെയും പാവപ്പെട്ടവനെയും ഉയർത്താൻ കഴിയൂ. മതേതരത്വവും ആദർശവും നിറഞ്ഞ രാഷ്‌ട്രീയ കാലഘട്ടം വഴി മാറി. ഇന്ന് മതാധിഷ്‌ഠിത രാഷ്‌ട്രീയമാണ്. എല്ലാം പാർട്ടികളും ഈഴവരെ വെട്ടിനിരത്തുന്നത് തിരിച്ചറിയണം. അല്ലെങ്കിൽ കാലം നമ്മളെ തൂത്തെറിയുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

യോഗത്തിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, വൈസ് പ്രസിഡന്റ് ബി. രഘുനാഥ്, ഡയറക്‌ടർ ബോർഡംഗങ്ങളായ എ.കെ. രംഗനാഥൻ, പി.വി. സാനു, കെ.പി. പരിഷത്ത്,​ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് എന്നിവർ പ്രസംഗിച്ചു.