ആർമി റിക്രൂട്ട്മെന്റ് റാലിക്കെത്താൻ രണ്ട് ട്രെയിനുകൾ

Sunday 07 March 2021 12:15 AM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്ക് എത്തുന്നവരുടെ സൗകര്യാർത്ഥം മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്നലെ മുതൽ രണ്ട് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചു. 12വരെ തുടരും. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സർവീസുകൾ. സീറ്റുകൾ റിസർവ് ചെയ്യേണ്ട കാര്യമില്ല. ഉദ്യോഗാർത്ഥികൾ ആർമി റിക്രൂട്ട്മെന്റിനെത്താനുള്ള പ്രവേശന ടിക്കറ്റ് കാണിച്ചാൽ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും. എക്സ്‌പ്രസ് നിരക്കാണ് ഈടാക്കുക.

രണ്ടു ട്രെയിനുകളും മംഗലാപുരത്തു നിന്ന് രാത്രി 8.05ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് തിരുവനന്തപുരത്തെത്തും. 9.30നാണ് മടക്കയാത്ര. ആദ്യത്തേതിൽ 18 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ടാമത്തേതിൽ 12 സ്ലീപ്പർ കോച്ചുകളും ആറ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണുള്ളത്. കാര്യവട്ടത്തിനടുത്തെ റെയിൽവേ സ്റ്രേഷനായ കഴക്കൂട്ടത്ത് രണ്ട് ട്രെയിനിനും സ്റ്രോപ്പുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിക്കാൻ തയാറായ റെയിൽവേയെ നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.