ചൂടാണ്, പിരിയാതെ കരുതണം പാലിനെ
കോഴിക്കോട്: ക്ഷീര കർഷകരും പാൽ സൊസൈറ്റിക്കാരും സൂക്ഷിച്ചോ, പാൽ സംഭരിക്കുന്നതിലും സൂക്ഷിക്കുന്നതിലും ജാഗ്രത കുറഞ്ഞാൽ കത്തുന്ന ചൂട് എട്ടിന്റെ പണിതരും. വേനലിനെ കൂസാതെ സംഭരിച്ച ലിറ്റർ കണക്കിന് പാലാണ് കേടായതോടെ പലർക്കും നശിപ്പിക്കേണ്ടി വന്നത്. വേനൽക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് സാധാരണയേക്കാൾ കൂടുതലായിരിക്കും. പായ്ക്കറ്റിൽ ലഭിക്കുന്ന പാൽ ശീതീകരിച്ച് സൂക്ഷിക്കാതെ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നതും വില്പനയ്ക്കായി എത്തിക്കുന്ന പാൽ ഫ്രിഡ്ജിലേക്ക് മാറ്റാതെ പെട്ടികളിൽ തന്നെ വയ്ക്കുന്നതും കേടാവുന്നതിന് കാരണമാകും. ചൂട് കൂടുമ്പോൾ പാലിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കൾ വർദ്ധിക്കുന്നതാണ് കേടാവുന്നതിന് ഇടയാക്കുന്നത്. പാൽ മാത്രമല്ല, തൈര്, സംഭാരം, ഐസ്ക്രീം തുടങ്ങി പാലുത്പന്നങ്ങൾക്കെല്ലാം ഉയർന്ന താപനില ഭീഷണിയാണ്.
അറിയണം കരുതലുകൾ
പാൽ കറന്ന് കൂടുതൽ നേരം വയ്ക്കുന്നത് ഒഴിവാക്കുക
കറന്നുകഴിഞ്ഞാൽ വേഗത്തിൽ സൊസൈറ്റികളിൽ എത്തിക്കുക
പാൽ തണുപ്പുള്ള ഇടങ്ങളിൽ സൂക്ഷിക്കുക
വിൽപ്പനയ്ക്കെത്തിക്കുന്ന പാൽ ഫ്രിഡ്ജിലേയ്ക്ക് മാറ്റുക
വീട്ടാവശ്യത്തിന് വാങ്ങുന്ന പാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചതാണെന്ന് ഉറപ്പുവരുത്തുക
വീട്ടിലെത്തിയ ഉടൻ ഫ്രിഡ്ജിലേക്ക് മാറ്റുക
പാക്കറ്രിൽ രേഖപ്പെടുത്തിയ ഊഷ്മാവിൽ പാലുത്പന്നങ്ങൾ സൂക്ഷിക്കുക
ഷേക്കും തരും 'പണി "
മധുരവും സിറപ്പുകളും പഴങ്ങളും ചേർത്ത് കടകളിൽ നിന്ന് ലഭിക്കുന്ന പലതരം ഷേക്കുകളിൽ ചേർക്കുന്ന പാൽ നല്ലതല്ലെങ്കിൽ അപകടമാണ്. എന്നാൽ പാലിന്റെ ഗുണ വ്യത്യാസം തിരിച്ചറിയാൻ പലപ്പോഴും പ്രയാസമാണ്. ഡയറി വകുപ്പിന്റെയോ ഭക്ഷ്യസുരക്ഷ വകുപ്പിന്റേയോ മിന്നൽ പരിശോധന അനിവാര്യമാണ്.
' വേനൽക്കാലത്ത് ഈ പ്രതിഭാസമുണ്ടാകാറുണ്ട്. ക്ഷീരകർഷകർ, സൊസൈറ്റി, കടയുടമകൾ എന്നിവർക്ക് വേനൽക്കാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ' . സിനില ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ, ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്.