യോഗത്തിന്റെ രാഷ്‌ട്രീയ നിലപാട് പിന്നീടെന്ന് വെള്ളാപ്പള്ളി

Sunday 07 March 2021 1:08 AM IST

ആലപ്പുഴ: സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്നറിഞ്ഞിട്ട് എസ്.എൻ.ഡി.പി യോഗത്തിന്റെ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുമെന്ന് യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗം കൗൺസിൽ കൂടിയശേഷമായിരിക്കും തീരുമാനം. മന്ത്രിമാരായ ജി. ജുധാകരനും ഐസക്കിനും സീറ്റ് നിഷേധിച്ചത് പാർട്ടിയാണ് വിലയിരുത്തേണ്ടത്. ഇരുവരും മികച്ച മന്ത്രിമാരായിരുന്നുവെന്നതിൽ തർക്കമില്ല. പാർട്ടികൾ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ജനാഭിപ്രായത്തിന് പ്രസക്തിയില്ലല്ലോ. എല്ലാ പാർട്ടികളിലും ജില്ലാ ഘടകങ്ങൾ എടുക്കുന്ന തീരുമാനം മുകളിലിരിക്കുന്നവർ തിരുത്തുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം തുടങ്ങിയപ്പോഴെ പാർട്ടികളിൽ ഉരുൾപൊട്ടൽ തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ ഇനിയും വിവാദങ്ങൾ ഉയർന്നേക്കാം. വിവാദങ്ങൾ തുടർഭരണമെന്ന ട്രെൻഡിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി.