ഇടതിൽ ഉറച്ച് കുന്നത്തൂർ

Sunday 07 March 2021 1:16 AM IST

 വിജയം ആവർത്തിച്ച് ആർ.എസ്.പി

കൊല്ലം: ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്ന നിയമസഭാ മണ്ഡലമാണ് കുന്നത്തൂർ. ജില്ലയിലെ ഏക സംവരണ മണ്ഡലം. എൽ.ഡി.എഫിന്റെ കണക്കുകൂട്ടലിൽ ജയം ഉറപ്പുള്ള മണ്ഡലങ്ങളിലൊന്ന്. ആദ്യം കോൺഗ്രസിനൊപ്പം നിന്ന കുന്നത്തൂർ പിന്നീട് ഇടത് പക്ഷത്ത് ഉറയ്ക്കുകയായിരുന്നു.

1987 മുതൽ 35 വർഷമായി ആർ.എസ്.പിയാണ് ഇവിടെ നിന്ന് വിജയിക്കുന്നത്. ഇതിന് മുൻപും ആർ.എസ്.പിക്കാർ ജയിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസും ഇടയ്ക്കിടെ വിജയം വരിച്ചിട്ടുണ്ട്. മലപ്പുറത്ത് അദ്ധ്യാപകനായിരുന്ന ടി. നാണുമാസ്റ്ററെ ജോലി രാജിവയ്പിച്ച് 1987ൽ ആർ.എസ്.പി ഇടത് സ്ഥാനാർത്ഥിയാക്കുകയായിരുന്നു. വിജയിച്ചുകയറിയ നാണുമാസ്റ്റർ വീണ്ടും രണ്ട് തവണകൂടി എം.എൽ.എ ആയി. നാലാംവട്ടവും മത്സരിക്കാൻ ആർ.എസ്.പി അനുവദിക്കാത്തതിനെ തുടർന്ന് നാണുമാസ്റ്റർ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. തുടർന്നാണ് കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി സ്ഥാനാർത്ഥിയായി രംഗത്തെത്തിയത്. മൂന്ന് തവണ ആർ.എസ്.പി വഴിയും അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുണ്ടാക്കി സ്വതന്ത്രനായും കുഞ്ഞുമോൻ മത്സരിച്ച് വിജയിച്ചു. ഇത്തവണയും കുഞ്ഞുമോൻ തന്നെ അഞ്ചാമൂഴത്തിനായി മത്സരിക്കുകയാണ്. ആർ.എസ്.പിയുടെ ഉല്ലാസ് കോവൂരാണ് എതിർ സ്ഥാനാർത്ഥി.

 മണ്ഡലത്തിൽ

പഞ്ചായത്തുകൾ: 10 ശാസ്താംകോട്ട, ശൂരനാട് തെക്ക്,​ ശൂരനാട് വടക്ക്, പോരുവഴി, കുന്നത്തൂർ, പടിഞ്ഞാറേ കല്ലട,​ കിഴക്കേ കല്ലട, മൺറോത്തുരുത്ത്, മൈനാഗപ്പള്ളി, പവിത്രേശ്വരം

 ആദ്യം മൽസരം: 1957ൽ  ആദ്യ വിജയികൾ (ദ്വയാംഗമണ്ഡലം): പി.ആർ. മാധവൻ പിള്ള,​ ആർ. ഗോവിന്ദൻ  അവസാന വിജയി: കോവൂർ കുഞ്ഞുമോൻ  ഇതുവരെ വിജയിച്ചവർ: പി.ആർ. മാധവൻ പിള്ള,​ ആർ. ഗോവിന്ദൻ, ജി. ചന്ദ്രശേഖരൻ പിള്ള, പി.സി. ആദിച്ചൻ, കെ.സി.എസ്. ശാസ്ത്രി,​ സത്യപാലൻ, കല്ലട നാരായണൻ, കോട്ടക്കുഴി സുകുമാരൻ, ടി. നാണുമാസ്റ്റർ

 രണ്ടു തവണ വിജയിച്ചവർ: കല്ലട നാരായണൻ, ടി. നാണുമാസ്റ്റർ, കോവൂർ കുഞ്ഞുമോൻ  മന്ത്രിയായവർ: ഇല്ല  പ്രമുഖ സമുദായങ്ങൾ: നായർ, ഈഴവർ, ക്രൈസ്തവർ, മുസ്ലീം, പട്ടിക ജാതി - വർഗ വിഭാഗങ്ങൾ

 2016ലെ മത്സര ചിത്രം

കോവൂർ കുഞ്ഞുമോൻ (സ്വതന്ത്രൻ ആർ.എസ്.പി - എൽ) ഉല്ലാസ് കോവൂർ: ആർ.എസ്.പി തഴവ സഹദേവൻ: ബി.ഡി.ജെ.എസ് തുളസീധരൻ പള്ളിക്കൽ: എസ്.ഡി.പി.ഐ സി.കെ. ഗോപി: പി.ഡി.പി സി. രമാദേവി: ബി.എസ്.പി എം.ആർ. മണിലാൽ: സ്വതന്ത്രൻ

 വിജയി,​ ലഭിച്ച വോട്ട്

കോവൂർ കുഞ്ഞുമോൻ - 75,725

 പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും

ഉല്ലാസ് കോവൂർ: 55,196 തഴവ സഹദേവൻ: 21,742 2016ൽ പോൾ ചെയ്ത വോട്ട്: 1,59,808 വോട്ടിംഗ് ശതമാനം - 76.63